പാര്‍ട്ടി അനുമതിയില്ലാതെ വിമതരെ തിരിച്ചുവിളിച്ചു; എം.വി ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കനത്ത വിമര്‍ശനം; വീഴ്ച സമ്മതിച്ച് ജയരാജൻ
തിരുവനന്തപുരം: പാര്‍ട്ടി അനുമതിയില്ലാതെ വിമതരെ തിരിച്ചവിളിച്ച നടപടിയില്‍ എം.വി. ജയരാജനെതിരെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ കനത്ത വിമര്‍ശനം. സെക്രട്ടേറിയറ്റ് യോഗത്തില്‍ നേതാക്കള്‍ ഒന്നടങ്കമാണ് ജയരാജന്റെ നടപടിക്കെതിരെ ആഞ്ഞടിച്ചത്.
എം.വി. ജയരാജന്‍ എടുത്ത ഏകപക്ഷീയമായ തീരുമാനം പൊതുസമൂഹത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ക്ക് വഴിതുറന്നുവെന്നും, ഇത് പാര്‍ട്ടിക്ക് വലിയ രീതിയില്‍ അവമതിപ്പ് ഉണ്ടാക്കിയെന്നും യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേയും സെക്രട്ടേറിയറ്റില്‍ ഒരുവിഭാഗം നേതാക്കള്‍ അതൃപ്തി രേഖപ്പെടുത്തി. വിമര്‍ശനം കടുത്തതോടെ, തനിക്ക് സംഭവിച്ച വീഴ്ചയും തെറ്റും എം.വി. ജയരാജന്‍ സെക്രട്ടേറിയറ്റ് യോഗത്തില്‍ പരസ്യമായി ഏറ്റുപറഞ്ഞു.
തെറ്റ് തിരുത്തിയാല്‍ ടി.കെ. ഗോവിന്ദനും വി. കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ തിരിച്ചുവരുന്നതില്‍ തടസ്സമില്ലെന്നായിരുന്നു ജയരാജന്റെ നിലപാട്. പാര്‍ട്ടിയെ വെല്ലുവിളിച്ചു പുറത്തുപോയ എം.വി. രാഘവനെ വരെ അവസാനകാലത്ത് സ്വീകരിച്ചിട്ടുണ്ടെന്നും, നയപരമായ തെറ്റ് പറ്റിയെന്ന് കരുതി ഇവരെ ഒറ്റപ്പെടുത്തി മുന്നോട്ട് പോകില്ലെന്നും അദ്ദേഹം പറഞ്ഞു. 'വര്‍ഗവഞ്ചകന്‍' എന്ന് വിളിച്ചത് പാര്‍ട്ടി ഭരണഘടനയിലുള്ള കാര്യമാണെന്നും അവര്‍ നിലപാട് തിരുത്തിയാല്‍ വേണ്ടെന്ന് പറയില്ലെന്നും വ്യക്തമാക്കിയ ജയരാജന്‍, ടി.കെ. ഗോവിന്ദനെ വീട്ടില്‍ സ്വീകരിച്ച കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിയെ വിമര്‍ശിക്കുകയും ചെയ്തു. ഒരാള്‍ വീട്ടില്‍ വന്നാല്‍ പുറത്താക്കാന്‍ കഴിയില്ലെങ്കിലും, അവരെ സ്വീകരിച്ച് ആനയിച്ചത് ശരിയായില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
ഇതിനുപുറമെ പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പോരായ്മയാണെന്നും ജയരാജന്‍ അഭിമുഖത്തില്‍ തുറന്നടിച്ചു. പയ്യന്നൂരില്‍ എപ്പോഴും ജയിക്കാവുന്ന മണ്ഡലമാണെന്നും അവിടെ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ മാറ്റി മറ്റൊരാളെ നിര്‍ത്തിയിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാല്‍ തളിപ്പറമ്പ് ഇപ്പോള്‍ അങ്ങനെയല്ലെന്നും, എസ്.ഐ.ആറിന് ശേഷം തളിപ്പറമ്പില്‍ യുഡിഎഫിന് വലിയ മേല്‍ക്കൈ ഉണ്ടെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനകളെല്ലാം പാര്‍ട്ടിയുടെ ഔദ്യോഗിക നയങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.