മൂന്ന് ദിവസത്തിൽ 8.75 കോടി; ഹിന്ദിയിലും ബോക്സ് ഓഫീസ് കീഴടക്കി 'ജനനായകൻ'
തമിഴ് ചിത്രങ്ങൾക്ക് ഉത്തരേന്ത്യൻ വിപണിയിൽ സ്ഥിരതയാർന്ന സ്വീകാര്യത ലഭിക്കുന്നത് അപൂർവമാണെങ്കിലും, വിജയ് നായകനായ 'ജനനായകൻ' ഹിന്ദി പതിപ്പിലൂടെ ബോക്സ് ഓഫീസിൽ ശ്രദ്ധേയ പ്രകടനം തുടരുകയാണ്. വലിയ പ്രീ-റിലീസ് പ്രചാരണമൊന്നുമില്ലാതെയാണ് ചിത്രം ഹിന്ദി വിപണിയിലെത്തിയതെങ്കിലും ആദ്യ മൂന്ന് ദിവസത്തെ കളക്ഷൻ പ്രതീക്ഷകൾ ഉയർത്തുന്നതാണ്.
'ജൻ നേതാ' എന്ന പേരിലാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. ജൂലൈ 23ന് തിയേറ്ററുകളിലെത്തിയ ചിത്രം ആദ്യദിനം 2.55 കോടി രൂപ ഗ്രോസ് കളക്ഷൻ നേടി. രണ്ടാം ദിവസം കളക്ഷൻ 2.74 കോടി രൂപയായി ഉയർന്നപ്പോൾ, മൂന്നാം ദിവസം 3.46 കോടി രൂപ നേടി വീണ്ടും വളർച്ച രേഖപ്പെടുത്തി.
ആദ്യ മൂന്ന് ദിവസങ്ങളിൽ ഹിന്ദി പതിപ്പ് 8.75 കോടി രൂപ ഗ്രോസും 7.26 കോടി രൂപ നെറ്റും നേടിയെന്നാണ് ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്ക്. നാലാം ദിനമായ ഞായറാഴ്ച ചിത്രം 10 കോടി രൂപ ഗ്രോസ് പിന്നിടുമെന്നാണ് വിലയിരുത്തൽ.
തമിഴ് സിനിമകളുടെ ഹിന്ദി പതിപ്പുകൾക്ക് പൊതുവേ വലിയ കളക്ഷൻ ലഭിക്കാറില്ല. എന്നിരുന്നാലും '2.0', 'കൂലി', 'കബാലി' തുടങ്ങിയ ചിത്രങ്ങൾ ഹിന്ദി വിപണിയിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ആ നിരയിലേക്കാണ് ഇപ്പോൾ 'ജനനായകൻ' എത്തുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
തിയേറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രമായിരുന്നു 'ജനനായകൻ'. എന്നാൽ സെൻസർ ബോർഡിന്റെ അനുമതി വൈകിയതിനെ തുടർന്ന് റിലീസ് മാറ്റിവയ്ക്കുകയായിരുന്നു. ഇതിനിടെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുകയും വിജയിയുടെ പാർട്ടിയായ ടിവികെ അധികാരത്തിലെത്തുകയും വിജയ് മുഖ്യമന്ത്രിയാവുകയും ചെയ്തു.
രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സിനിമയിൽ നിന്ന് പിന്മാറുകയാണെന്ന് വിജയ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിനുമുമ്പ് അദ്ദേഹം അഭിനയിക്കാൻ കരാർ ഒപ്പിട്ട അവസാന ചിത്രമാണ് 'ജനനായകൻ'. എച്ച്. വിനോദ് സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം കെവിഎൻ പ്രൊഡക്ഷൻസ് നിർവഹിച്ചിരിക്കുന്നു.
റിലീസ് വൈകിയതിനിടെ ചിത്രത്തിന്റെ വ്യാജപതിപ്പുകളും വ്യാപകമായി പ്രചരിച്ചിരുന്നുവെങ്കിലും, തിയേറ്റർ റിലീസിന് ശേഷം 'ജനനായകൻ' മികച്ച ബോക്സ് ഓഫീസ് പ്രകടനമാണ് കാഴ്ചവെക്കുന്നത്.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.