കന്നഡ താരം യഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'ടോക്‌സിക്' കുട്ടികൾക്ക് അനുയോജ്യമല്ലെന്ന തുറന്നുപറച്ചിലുമായി താരം രംഗത്ത്. ചിത്രത്തിലെ വയലൻസും ഇന്റിമേറ്റ് സീനുകളും ചൂണ്ടിക്കാട്ടിയാണ് സിനിമ മുതിർന്നവർക്ക് വേണ്ടിയുള്ളതാണെന്ന് യഷ് വ്യക്തമാക്കിയത്. ഇന്ത്യ ടിവിയുടെ 'ആപ് കി അദാലത്' പരിപാടിയിലാണ് യഷ് മനസ്സ് തുറന്നത്. "കുട്ടികൾ ഈ ചിത്രം കാണരുത്. എന്താണ് ശരി, എന്താണ് തെറ്റ് എന്ന് തിരികെ അറിയാൻ ശേഷിയുള്ള മുതിർന്ന പ്രേക്ഷകർക്ക് വേണ്ടിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. കാണുന്ന കാര്യങ്ങളിൽ ഏത് സ്വീകരിക്കണം, ജീവിതത്തിൽ എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കാൻ അവർക്ക് കഴിയും," എന്ന് യഷ് പറഞ്ഞു.
'എ ഫെയറി ടെയിൽ ഫോർ ഗ്രോൺ അപ്സ്' (A Fairy Tale for Grown-ups) എന്ന ചിത്രത്തിന്റെ ടാഗ്‌ലൈൻ തന്നെ സിനിമ മുതിർന്നവർക്ക് വേണ്ടിയുള്ളതാണെന്നതിന്റെ വ്യക്തമായ സൂചനയാണെന്നും, ട്രെയ്‌ലറിൽ കാണിക്കുന്നതിനപ്പുറം വലിയൊരു കഥ ചിത്രത്തിനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളി സംവിധായികയും നടിയുമായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇരട്ട ലുക്കിലാണ് യഷ് എത്തുന്നത്. കിയാര അദ്വാനി, നയൻതാര, താര സുതാരിയ, ഹുമ ഖുറേഷി, രുക്മിണി വസന്ത് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ചിത്രം ഓഗസ്റ്റ് 26-ന് തിയേറ്ററുകളിൽ എത്തും.