KC VENUGOPAL MP| ദേശീയപാത നിര്‍മാണം: ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അവഗണിക്കുന്ന സര്‍ക്കാര്‍ നടപടി അംഗീകരിക്കാന്‍ കഴിയില്ല-കെ.സി.വേണുഗോപാല്‍ എംപി
Jaihind TV News Report
Jaihind TV Web Desk
June 22, 2025
1 min read
•
Updated: June 10, 2026
ദേശീയ പാത നിര്‍മാണവുമായി ബന്ധപ്പെട്ട് യാത്രക്കാര്‍, പാതയോരത്തെ താമസക്കാര്‍ തുടങ്ങിയവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ അവഗണിച്ച് മുന്നോട്ടുപോകുന്ന നടപടി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്ന്് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാന്‍ കാത്തുനില്‍ക്കാതെ, സുരക്ഷിതത്വം ഉറപ്പുവരുത്തിയും അവരുടെ ബുദ്ധിമുട്ടുകള്‍ കൂടി പരിഹരിച്ചുകൊണ്ടും മാത്രമേ ദേശീയ പാത നിര്‍മാണം മുന്നോട്ടു കൊണ്ടുപോകാവൂ എന്ന കര്‍ശന നിര്‍ദേശം നല്‍കി. ഇന്നലെ ജില്ലാ കളക്ടറേറ്റില്‍ ചേര്‍ന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്ന ഡിസ്ട്രിക്ട് ഡവലപ്പ്മെന്റ് കോര്‍ഡിനേഷന്‍ ആന്റ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
മണ്ണ് പരിശോധന കൃത്യമായി നടത്തിവേണം ജില്ലയില്‍ ദേശീയപാത നിര്‍മാണം മുന്നോട്ടുകൊണ്ടു പോവേണ്ടത്. കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഡിസൈനിങ് നടപ്പിലാക്കി സാങ്കേതിക പരിജ്ഞാനമുള്ള ഉന്നതതല സംഘം പരിശോധിക്കണം. ശരിയായ ഡ്രെയിനേജ് സിസ്റ്റം, അപകടങ്ങള്‍ കുറയ്ക്കുന്നതിനുള്ള ലൈറ്റ്, സൈന്‍ ബോര്‍ഡ് എന്നിവ സ്ഥാപിക്കണം എന്നീ നിര്‍ദേശങ്ങളും ദേശീയപാത അതോറിറ്റിക്ക് നല്‍കിയിട്ടുണ്ട്. പാതയോരത്തെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണം തുടങ്ങിയ കാര്യങ്ങളും നിര്‍ദേശിച്ചു. അരൂര്‍, തുറവൂര്‍ ഉയരപ്പാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാലുമണിക്കൂര്‍ വരെ ട്രാഫിക് ബ്ലോക്ക് ഉണ്ടാകുന്ന സാഹചര്യമായിട്ടും അത് പരിഹരിക്കുന്നതിന് ദേശീയ പാത അതോറിറ്റിക്ക് കഴിയുന്നില്ല എന്നത് ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇത് പരിഹരിക്കുന്നതിനായി ദേശീയപാത അതോറിറ്റിയില്‍ നിന്നും അനുവദിപ്പിച്ച എട്ടരക്കോടി രൂപ വിനിയോഗിച്ച് സമാന്തര പാതകള്‍ വേഗത്തില്‍ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്.
സവിശേഷ പാരിസ്ഥിതിക പ്രത്യേകതകളുള്ള തീരപ്രദേശമായതിനാല്‍ മണ്ണിന്റെ ഘടന കൂടി പരിഗണിച്ചുകൊണ്ടുള്ള നിര്‍മാണപ്രവര്‍ത്തനമാകണം കായംകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വേണ്ടത് എന്നത് കൂടി ശ്രദ്ധയില്‍പ്പെടുത്തി. കുടിവെള്ളവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്നകുന്ന ബുദ്ധിമുട്ട് അതീവ ഗൗരവമായി കണക്കിലെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. കൂടാതെ ജല്‍ജീവന്‍ മിഷന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തിയിട്ടുണ്ട്. ജലജീവന്‍ മിഷന്‍ പ്രകാരം പുതിയ കണക്ഷനുകള്‍ നല്‍കുന്നതില്‍ ഗുരുതരമായ കാലതാമസം ഉണ്ടാകുന്നത് അനുവദിക്കാനാകില്ല. ദേശീയ പാത നിര്‍മാണം നടക്കുന്ന സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടുന്നതും കുടിവെള്ളം മുടങ്ങുന്നതും നിത്യസംഭവങ്ങളായി മാറിയിക്കുകയാണ്. പൊതുജനങ്ങളുടെ കുടിവെള്ളം മുട്ടിച്ചുകൊണ്ടു ഒരു നിര്‍മാണവും അനുവദിക്കാനാവില്ല എന്നത് കൂടി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. കുടിവെള്ള ലഭ്യത ഗുരുതരമായ കുട്ടനാട്ടില്‍ ഉള്‍പ്പെടെ മിഷന്‍ പ്രകാരമുള്ള പ്രവര്‍ത്തികള്‍ ഫലപ്രാപ്തിയില്‍ എത്താത്തത് ശ്രദ്ധയില്‍പ്പെട്ടതിനാല്‍ പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
സ്‌കൂളുകളിലും അങ്കണവാടികളിലും നല്‍കുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തണം, എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ് സൗകര്യമൊരുക്കണം, ഇതിനായി പ്രത്യേക മുറി സജ്ജീകരിക്കുകയും അതിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയും വേണം തുടങ്ങിയ കാര്യങ്ങളും നിര്‍ദേശിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റവുമധികം മുന്നേറ്റം നടത്തിയിട്ടുള്ള ജില്ലയാണ് ആലപ്പുഴ. 440 കോടിയോളം രൂപയാണ് ഒരു വര്‍ഷം പദ്ധതിയിലൂടെ കൂലിയായി ജില്ലയില്‍ നല്‍കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നതില്‍ ഇത്രയും ഫലപ്രദമായ മറ്റൊരു പദ്ധതിയില്ല. ഇത് പരമാവധി പ്രയോജനപ്പെടുത്തി ഗുണഫലങ്ങള്‍ ആളുകളിലേക്ക് എത്തിക്കേണ്ടതുണ്ട്. തൊഴിലുറപ്പുപദ്ധതി പ്രകാരം പണം പരമാവധി ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ വീഴ്ച ഉണ്ടായതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കും. ഒപ്പം, നിലവിലുണ്ടായിട്ടുള്ള വീഴ്ചകള്‍ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ മുന്നിട്ട് നില്‍ക്കുന്ന മുതുകുളം, പട്ടണക്കാട് പഞ്ചായത്തുകളിലെ ബിഡിഒമാരെ യോഗത്തില്‍ പ്രത്യേകമായി അഭിനന്ദിക്കുകയും ചെയ്തു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10