ലുക്കിലും ഫീച്ചറിലും കളി മാറും! സുസുക്കി XL7 ഫെയ്‌സ്‌ലിഫ്റ്റ് ടീസർ ഔദ്യോഗികമായി പുറത്തുവിട്ടു; ഇന്ത്യയിലും തരംഗമാവാൻ മാരുതി XL6
വാഹനപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പുതിയ സുസുക്കി XL7 ഫെയ്‌സ്‌ലിഫ്റ്റിന്റെ (Suzuki XL7 Facelift) ആദ്യ ഔദ്യോഗിക ടീസർ പുറത്തുവിട്ട് സുസുക്കി ഇന്തോനേഷ്യ. 2026 ജൂലൈ 29-ന് ആരംഭിക്കുന്ന പ്രശസ്തമായ ഗൈകിൻഡോ ഇന്തോനേഷ്യ ഇന്റർനാഷണൽ ഓട്ടോ ഷോയിൽ (GIIAS 2026) ഈ പുതിയ മോഡൽ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും.
എൽഇഡി ഹെഡ്‌ലാമ്പുകളും ഫോഗ് ലാമ്പുകളും ഉൾക്കൊള്ളുന്ന മുൻവശത്തെ ആകർഷകമായ ഡിസൈനും എസ്‌യുവിയുടെ കൂറ്റൻ സിലൗറ്റും (Silhouette) ടീസറിൽ വ്യക്തമായി കാണാം. പുതുതായി രൂപകൽപ്പന ചെയ്‌ത മുൻഗ്രില്ലും പുതിയ അലോയ് വീലുകളുമായിരിക്കും വാഹനത്തിന്റെ പ്രധാന ബാഹ്യമായ മാറ്റങ്ങൾ.നിലവിലെ മോഡലിനെ അപേക്ഷിച്ച് ഒട്ടനവധി ആധുനിക ഫീച്ചറുകളോടെയാണ് 2026 സുസുക്കി XL7 ഫെയ്‌സ്‌ലിഫ്റ്റ് എത്തുന്നത്.
- പുതിയ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ
- വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ
- ഹെഡ്-അപ്പ് ഡിസ്‌പ്ലേ (HUD)
- 360-ഡിഗ്രി ക്യാമറ
എന്നിവ ഈ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ ഇടംപിടിച്ചേക്കുമെന്നാണ് സൂചനകൾ. എന്നാൽ മറ്റ് മിക്ക സുരക്ഷാ-യാത്രാ സൗകര്യങ്ങളും പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് മോഡലിന് സമാനമായി തന്നെ തുടരും.
എഞ്ചിനിലും ഗിയർബോക്സിലും മാറ്റമില്ല
മെക്കാനിക്കൽ വശങ്ങളിൽ സുസുക്കി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് K15B പെട്രോൾ എഞ്ചിൻ തന്നെയാണ് പുതിയ പതിപ്പിലും കരുത്തേകുക. ഇത് 103bhp കരുത്തും 138Nm ടോർക്കും ഉത്പാദിപ്പിക്കും. ഈ എഞ്ചിൻ മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലും ലഭ്യമാകും. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 5-സ്പീഡ് മാനുവൽ ഗിയർബോക്സും 4-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്കും തുടരാനാണ് സാധ്യത.
ഇന്ത്യൻ വിപണിയെ എങ്ങനെ സ്വാധീനിക്കും?
ഇന്തോനേഷ്യയിലെ ജനപ്രിയ ഫാമിലി എസ്‌യുവിയായ സുസുക്കി XL7-ന് ഇന്ത്യയിലെ മാരുതി സുസുക്കി XL6-മായി അടുത്ത ബന്ധമാണുള്ളത്. രണ്ട് വാഹനങ്ങളും ഹേർടെക്റ്റ് (Heartect) പ്ലാറ്റ്‌ഫോമും ഒരേ എഞ്ചിനുമാണ് പങ്കിടുന്നത്. അതുകൊണ്ട് തന്നെ ഇന്തോനേഷ്യയിൽ അവതരിപ്പിക്കുന്ന ഈ മാറ്റങ്ങൾ വൈകാതെ തന്നെ ഇന്ത്യൻ വിപണിയിലെ മാരുതി XL6 ഫെയ്‌സ്‌ലിഫ്റ്റിലും പ്രതിഫലിച്ചേക്കും.
കൂടാതെ, ഇന്ത്യ-സ്പെക്ക് മാരുതി XL6-ന് ഒരു അണ്ടർബോഡി സിഎൻജി (CNG) ടാങ്ക് ലഭിച്ചേക്കുമെന്നും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. പുതിയ മാരുതി XL6 ഫെയ്‌സ്‌ലിഫ്റ്റിന്റെ ലോഞ്ച് തീയതി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഈ വർഷം (2026) അവസാനത്തോടെ വാഹനം ഇന്ത്യൻ വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
XL6-ന് പുറമെ, വിപുലമായ പരീക്ഷണ ഓട്ടങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന പുതിയ ബ്രെസ, ബലേനോ ഫെയ്‌സ്‌ലിഫ്റ്റ് മോഡലുകളും പുറത്തിറക്കാൻ മാരുതി സുസുക്കി ഒരുങ്ങുകയാണ്. 2026 മാരുതി ബ്രെസ ഫെയ്‌സ്‌ലിഫ്റ്റിൽ ഫ്രോങ്ക്‌സിന്റെ (Fronx) 1.0 ലിറ്റർ ബൂസ്റ്റർജെറ്റ് ടർബോ പെട്രോൾ എഞ്ചിനും പുതിയ 6-സ്പീഡ് മാനുവൽ ഗിയർബോക്‌സും നൽകിയേക്കും. 2026 മാരുതി ബലേനോ ഫെയ്‌സ്‌ലിഫ്റ്റിൽ ചെറിയ ഡിസൈൻ മാറ്റങ്ങൾക്കൊപ്പം പുതുക്കിയ ഫ്രണ്ട് ഫാസിയയും ഇടംപിടിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.