തിരുവനന്തപുരം: സര്‍ക്കാര്‍ പദവിയിലിരുന്ന് പാര്‍ട്ടി ചാനലില്‍ അന്തിച്ചര്‍ച്ചകള്‍ നയിച്ചിരുന്ന കോളേജ് അധ്യാപകന്‍ ഡോ. എം.എ. ലാലിനെതിരെ കര്‍ശന നടപടി. സര്‍ക്കാര്‍ ജോലിയും സ്വകാര്യ പാര്‍ട്ടി ചാനലിലെ ചര്‍ച്ചാ അവതരണവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്ന കര്‍ശന നിലപാടാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി ജോണ്‍ സ്വീകരിച്ചത്.
തലസ്ഥാനത്തെ 'റൂസ' സ്റ്റേറ്റ് പ്രോജക്ട് ഓഫീസില്‍ ടെക്‌നിക്കല്‍ കണ്‍സള്‍ട്ടന്റായി ജോലി ചെയ്ത് സര്‍ക്കാര്‍ ശമ്പളം കൈപ്പറ്റിയിരുന്ന ലാല്‍, എന്നാല്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നത് സി.പി.എം. നിയന്ത്രണത്തിലുള്ള കൈരളി ന്യൂസ് ചാനലിലായിരുന്നു. കൈരളിയിലെ പ്രൈം ടൈം ചര്‍ച്ചകളുടെ പ്രധാന അവതാരകനായിരുന്നു ഇദ്ദേഹം. സര്‍ക്കാര്‍ പദവിയിലിരുന്ന് പാര്‍ട്ടി ചാനലിലൂടെ പുതിയ സര്‍ക്കാരിനെതിരെ നിരന്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ ഈ അടിയന്തര ഇടപെടല്‍.
സര്‍ക്കാര്‍ ജോലിയും പാര്‍ട്ടി ചാനലിലെ അവതാരക പദവിയും ഒന്നിച്ചു വേണ്ട; ഡോ. എം.എ. ലാലിനെതിരെ കര്‍ശന നടപടിയുമായി ഉന്നതവിദ്യാഭ്യാസ വകുപ്പ്