ഡൽഹി ഇന്ത്യ ഗേറ്റിനു മുന്നിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചേർന്ന് മിന്നൽ സമരം നടത്തി. 2022-ൽ ഉത്തരാഖണ്ഡിൽ കൊല്ലപ്പെട്ട അങ്കിത ഭണ്ഡാരിയുടെ (19) കുടുംബത്തോടൊപ്പമാണ് ഇവർ പ്രതിഷേധത്തിൽ പങ്കെടുത്തത്. ബിജെപി നേതാക്കൾ പ്രതിയായ ഈ കേസിൽ കുടുംബത്തിന് നീതി ആവശ്യപ്പെട്ടാണ് ഇന്ത്യ ഗേറ്റിൽ സമരം സംഘടിപ്പിച്ചത്. സംഭവത്തെ തുടർന്ന് കൂടുതൽ കോൺഗ്രസ് പ്രവർത്തകരും സ്ഥലത്തേക്ക് എത്തിച്ചേരുന്നുണ്ട്.
കൊലപാതക കേസിൽ സിബിഐ അന്വേഷണം പൂർത്തിയാകുന്നതുവരെ ബിജെപി നേതാവ് ദുഷ്യന്ത് കുമാർ ഗൗതമിനെ സിക്കിം ഗവർണറായി നിയമിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് അങ്കിതയുടെ മാതാപിതാക്കൾ ഡെൽഹിയിലെത്തി പ്രതിഷേധിച്ചത്. അന്വേഷണം അവസാനിക്കുന്നതുവരെ ഗൗതമിനെ ഗവർണറായി നിയമിക്കരുതെന്ന് അഭ്യർത്ഥിച്ച് അങ്കിതയുടെ പിതാവ് വീരേന്ദ്ര സിങ് ഭണ്ഡാരിയും മാതാവ് സോണി ദേവിയും രാഷ്ട്രപതി ദ്രൗപതി മുർമുവിന് നിവേദനം നൽകിയിട്ടുണ്ട്.
ഋഷികേശിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്ന അങ്കിത 2022 സെപ്റ്റംബർ 18-നാണ് ക്രൂരമായി കൊല്ലപ്പെട്ടത്. തുടർന്ന് നാല് ദിവസങ്ങൾക്ക് ശേഷമാണ് കനാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മുൻ ബിജെപി നേതാവ് വിനോദ് ആര്യയുടെ മകനും റിസോർട്ട് ഉടമയുമായ പുൽകിത് ആര്യയും മറ്റ് രണ്ട് കൂട്ടാളികളും ഈ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ കേസിൽ ദുഷ്യന്ത് കുമാർ ഗൗതമിന്റെ പേരും ഉയർന്നു വന്നിരുന്നു. അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ചവർക്കെതിരെ ദുഷ്യന്ത് കുമാർ ഗൗതം മാനനഷ്ടക്കേസ് ഫയൽ ചെയ്തിട്ടുണ്ട്.
അങ്കിത ഭണ്ഡാരിക്ക് നീതിതേടി ഇന്ത്യ ഗേറ്റിൽ മിന്നൽ സമരം നടത്തി രാഹുൽ ഗാന്ധിയും പ്രിയങ്കയും