തിരുവനന്തപുരം: സംസ്ഥാനത്തെ കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി വിവിധ ജില്ലകളിലായി 152 പുതിയ തസ്തികകൾ അനുവദിച്ച് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഫാർമസിസ്റ്റ് ഗ്രേഡ് II (60), നഴ്‌സിംഗ് ഓഫീസർ (47), ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II (33), മെഡിക്കൽ ഓഫീസർ (12) എന്നിങ്ങനെയാണ് പുതുതായി അനുവദിച്ച തസ്തികകൾ. നിലവിലുള്ള റാങ്ക് ലിസ്റ്റുകളിൽ നിന്ന് എത്രയും വേഗം നിയമനം നടത്തുന്നതിനായി ആരോഗ്യവകുപ്പ് ഡയറക്ടറും ജില്ലാ മേധാവിമാരും ഈ ഒഴിവുകൾ ഉടൻ തന്നെ പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. ആരോഗ്യവകുപ്പ് ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് ഈ അടിയന്തര നടപടി.
കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തസ്തികകൾ സൃഷ്ടിച്ചിരുന്നെങ്കിലും, ജീവനക്കാരുടെ കുറവുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളെ കൃത്യമായി കണ്ടെത്തി തസ്തികകൾ അനുവദിക്കാതിരുന്നതിനാൽ ഫയലുകൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പുതിയ സർക്കാർ അധികാരമേറ്റതിന് പിന്നാലെ നിരവധി ഉദ്യോഗാർത്ഥികൾ ഈ വിഷയം ഉന്നയിച്ച് മന്ത്രി കെ.മുരളീധരനെ സമീപിച്ചിരുന്നു. തസ്തികകൾ അനുവദിച്ച് നിയമനത്തിന് വഴിയൊരുക്കുമെന്ന് ഉദ്യോഗാർത്ഥികൾക്ക് മന്ത്രി നൽകിയ ഉറപ്പാണ് ഇതോടെ യാഥാർത്ഥ്യമായിരിക്കുന്നത്. മെഡിക്കൽ ഓഫീസർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ കുറവ് മൂലം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം പ്രതിസന്ധിയിലാണെന്ന് ബോധ്യപ്പെട്ടതോടെയാണ് തസ്തികകൾ അനുവദിച്ച് ഉടനടി ഉത്തരവിറക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയത്.
മെഡിക്കൽ ഓഫീസർമാരുടെ സേവനം അടിയന്തരമായി ആവശ്യമുള്ള ഒൻപത് ജില്ലകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണ് പുതിയ 12 തസ്തികകൾ അനുവദിച്ചിട്ടുള്ളത്. ഇതിൽ ഏറ്റവും കൂടുതൽ തസ്തികകൾ (നാലെണ്ണം) കാസർകോട് ജില്ലയ്ക്കാണ്. കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലെ കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ഓരോ മെഡിക്കൽ ഓഫീസർമാരെ വീതവും അനുവദിച്ചിട്ടുണ്ട്.
മറ്റ് ജീവനക്കാരുടെ തസ്തികകൾ (നഴ്‌സിംഗ് ഓഫീസർ, ഫാർമസിസ്റ്റ് ഗ്രേഡ് II, ലാബ് ടെക്‌നീഷ്യൻ ഗ്രേഡ് II എന്ന ക്രമത്തിൽ) ജില്ല തിരിച്ച് താഴെ നൽകുന്നു:
തിരുവനന്തപുരം: (4, 4, 4)
കൊല്ലം: (3, 3, 1)
പത്തനംതിട്ട: (2, 3, 1)
ആലപ്പുഴ: (2, 5, 3)
കോട്ടയം: (4, 4, 2)
ഇടുക്കി: (1, 2, 1)
എറണാകുളം: (4, 7, 4)
തൃശൂർ: (4, 5, 3)
പാലക്കാട്: (2, 5, 2)
മലപ്പുറം: (4, 6, 2)
കോഴിക്കോട്: (4, 4, 2)
വയനാട്: (1, 2, 1)
കണ്ണൂർ: (5, 6, 3)
കാസർകോട്: (7, 4, 4)
സാധാരണക്കാരായ ജനങ്ങളുടെ പ്രധാന ആശ്രയമായ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താൻ കൂടുതൽ വിപുലമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.മുരളീധരൻ ഉറപ്പുനൽകി. ആരോഗ്യവകുപ്പിന്റെ വിവിധ റാങ്ക് ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് വേഗത്തിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി, നിലവിലുള്ള മറ്റ് ഒഴിവുകളും അടിയന്തരമായി പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.