നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം തങ്ങൾക്ക് അനുവദിച്ചു കിട്ടാത്തതിൽ മുന്നണിക്കുള്ളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സി.പി.ഐ. ആവശ്യപ്പെട്ട പദവി ലഭിക്കാതെ ഇനിമുതൽ എൽ.ഡി.എഫ് നിയമസഭാ കക്ഷി യോഗങ്ങളിൽ പങ്കെടുക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ പുതിയ തീരുമാനം. ഇടതുമുന്നണിയിലെ രണ്ടാം കക്ഷിയായിരുന്നിട്ടും അർഹമായ പദവികൾ നൽകാതെ അവഗണിക്കുന്നു എന്ന പരാതി സി.പി.ഐ നേതാക്കൾക്കിടയിൽ ശക്തമാണ്.
ഇടതുപക്ഷ ഭരണകാലത്തെപ്പോലെയല്ല, വി.ഡി.സതീശന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ അധികാരമേറ്റ പശ്ചാത്തലത്തിൽ പ്രതിപക്ഷ നിരയിൽ തങ്ങളുടെ സ്ഥാനം കൃത്യമായി നിർവചിക്കപ്പെടണമെന്നാണ് സി.പി.ഐയുടെ നിലപാട്. എന്നാൽ ഈ പദവി നൽകാൻ മുന്നണി നേതൃത്വം മടിക്കുന്നതാണ് സി.പി.ഐയെ ചൊടിപ്പിച്ചത്. പാർലമെന്ററി പാർട്ടി യോഗങ്ങൾ ബഹിഷ്കരിക്കാനുള്ള സി.പി.ഐയുടെ ഈ നീക്കം വരുംദിവസങ്ങളിൽ എൽ.ഡി.എഫിനുള്ളിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും പ്രതിസന്ധികൾക്കും വഴിവെച്ചേക്കും.