ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തിനായി മുന്‍ ചാമ്പ്യന്മാരായ ബ്രസീല്‍ ഇറങ്ങുമ്പോള്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളിക്കില്ലെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഗ്രൂപ്പ് സി-യില്‍ 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയാണ് ബ്രസീലിന്റെ എതിരാളികള്‍. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30-ന് ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.
കണങ്കാലിനേറ്റ പരിക്കാണ് നെയ്മറുടെ അന്താരാഷ്ട്ര തിരിച്ചുവരവ് വീണ്ടും വൈകിപ്പിക്കുന്നത്. മെയ് പകുതിയോടെയേറ്റ പരിക്കിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന താരത്തെ, ഫിറ്റ്നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ബ്രസീല്‍ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തിയത്. അടുത്ത ആഴ്ചയോടെ താരം പരിശീലനം പുനരാരംഭിക്കുമെന്ന് മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി മാധ്യമങ്ങളോട് പറഞ്ഞു.
നെയ്മറുടെ അഭാവം ടീമിന്റെ ആത്മവിശ്വാസത്തെ ബാധിക്കുമെന്ന ആശങ്ക ആരാധകര്‍ക്കുണ്ടെങ്കിലും, കളിക്കളത്തിന് പുറത്തും നെയ്മറുടെ സാന്നിധ്യം ടീമിന് കരുത്താണെന്ന് ആഞ്ചലോട്ടി വ്യക്തമാക്കി. 'അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ മികവ് തര്‍ക്കമില്ലാത്തതാണ്. അതിനുപുറമെ, ടീമിലെ യുവതാരങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന അനുഭവസമ്പത്തും മാതൃകയും വളരെ വലുതാണ്,' ആഞ്ചലോട്ടി കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ 19-ന് ഹെയ്തിക്കെതിരെയാണ് ബ്രസീലിന്റെ രണ്ടാം മത്സരം. ഈ മത്സരത്തില്‍ നെയ്മര്‍ ടീമിലേക്ക് മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂണ്‍ 24-ന് ആന്‍ഡി റോബര്‍ട്സണ്‍ നയിക്കുന്ന സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ബ്രസീലിന്റെ അവസാന ഗ്രൂപ്പ് മത്സരം. 34-കാരനായ നെയ്മര്‍ നാല് ലോകകപ്പുകളിലായി 8 ഗോളുകള്‍ നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോള്‍വേട്ടക്കാരനായി തുടരുകയാണ്. ടൂര്‍ണമെന്റ് ആരംഭിച്ചതേയുള്ളൂ എന്നതിനാല്‍, പരുക്കില്‍ നിന്ന് മുക്തനായി നെയ്മര്‍ ഉടന്‍ തന്നെ ടീമിനൊപ്പം ചേരുമെന്ന ശുഭപ്രതീക്ഷയിലാണ് ബ്രസീല്‍ ക്യാമ്പ്.
നെയ്മര്‍ കളിക്കില്ല; സൂപ്പര്‍ താരമില്ലാതെ ലോകകപ്പിന് തുടക്കമിടാന്‍ ബ്രസീല്