തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ഒഴിവുകള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഭരണപരിഷ്‌കാര വകുപ്പാണ് ഇത് സംബന്ധിച്ച് വ്യക്തമായ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചത്. നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും കത്തില്‍ മുന്നറിയിപ്പുണ്ട്.
വിവിധ വകുപ്പുകളിലെ താത്കാലിക നിയമനങ്ങളില്‍ വന്‍ അഴിമതി നടക്കുന്നു എന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ കടുത്ത നിലപാടിലേക്ക് കടന്നത്. നടപടികളുടെ ആദ്യഘട്ടമെന്ന നിലയിലാണ് ഇപ്പോള്‍ കത്ത് നല്‍കിയിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍, പിഎസ്‌സി നിയമനങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികളില്‍ സര്‍ക്കാര്‍ നേരിട്ടുള്ള നടപടികളിലേക്ക് കടന്നേക്കും. നിലവില്‍ പിഎസ്‌സി നിയമന ക്രമക്കേടുകളെക്കുറിച്ച് ആഭ്യന്തര വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്.
പിഎസ്‌സി ഒഴിവുകള്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യണം; വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം