Logo
Fri, Jul 03, 2026 • 01:59 PM
LIVE TV
Watch

No business videos available

No Middle East videos available

പ്രായം തളർത്താത്ത മിഡ്ഫീൽഡ് മാന്ത്രികൻ; പത്താം നമ്പർ ജേഴ്‌സി അഴിച്ചുവെച്ച് ലൂക്ക മോഡ്രിച്ച് വിടപറയുമ്പോൾ


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 03, 2026
1 min read
SHARE:
SAVE: Login to save

പ്രായം തളർത്താത്ത മിഡ്ഫീൽഡ് മാന്ത്രികൻ; പത്താം നമ്പർ ജേഴ്‌സി അഴിച്ചുവെച്ച് ലൂക്ക മോഡ്രിച്ച് വിടപറയുമ്പോൾ

ലോക ഫുട്‌ബോളിൽ അവിസ്മരണീയമായ ഒരു യുഗത്തിന് വിരാമമിട്ടുകൊണ്ട് മിഡ്ഫീൽഡ് മാന്ത്രികൻ ലൂക്ക മോഡ്രിച്ച് ലോകകപ്പ് വേദികളോട് വിടപറഞ്ഞിരിക്കുന്നു. പോർച്ചുഗലിനെതിരായ ആവേശപ്പോരാട്ടത്തോടെയാണ്, കാൽപന്തിനെ പ്രണയിച്ച ആരാധകരുടെ മനസ്സ് നിറച്ച ആ കാവ്യാത്മകമായ അധ്യായത്തിന് വികാരനിർഭരമായ തിരശ്ശീല വീണത്. ടൊറന്റോയിലെ മൈതാനത്ത് അവസാന വിസിൽ മുഴങ്ങിയപ്പോൾ, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ സ്നേഹാലിംഗനം ഏറ്റുവാങ്ങി മോഡ്രിച്ച് മടങ്ങി. അതോടെ ലോക ഫുട്ബോളിന് നഷ്ടമായത് സമാനതകളില്ലാത്ത ഒരു അസാധ്യ പ്ലേ മേക്കറെയാണ്.

 ഒഴുകിപ്പരന്ന തലമുടിയും മെലിഞ്ഞ ശരീരപ്രകൃതിയും ആരെയും ആകർഷിക്കുന്ന പുഞ്ചിരിയുമായിരുന്നു ലൂക്കയുടെ അടയാളങ്ങൾ. തന്റെ 41-ാം വയസ്സിലും കളിക്കളത്തിൽ ഒട്ടും വിട്ടുവീഴ്ച ചെയ്യാത്ത പോരാട്ടവീര്യമാണ് ആ ഇടയബാലൻ പുറത്തെടുത്തത്. കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ക്രൊയേഷ്യ എന്ന രാജ്യത്തിന്റെ പ്രതീക്ഷകളും കോടിക്കണക്കിന് ആരാധകരുടെ സ്വപ്നങ്ങളും തന്റെ ചുമലിലേറ്റിയ ആ മിഡ്ഫീൽഡ് മാസ്ട്രോ, ഒടുവിൽ രാജ്യത്തിനായി അണിഞ്ഞ പത്താം നമ്പർ ജേഴ്‌സി അഴിച്ചുവെച്ചിരിക്കുകയാണ്.

യുദ്ധമെന്ന മഹാവിപത്ത് തകർത്തൊരു ഗ്രാമത്തിൽ, നരകയാതനകൾ അനുഭവിച്ചാണ് ലൂക്ക എന്ന ഫുട്ബോൾ മാന്ത്രികൻ ഉയിർത്തെഴുന്നേറ്റത്. ബോസ്‌നിയൻ യുദ്ധഭീകരതയ്ക്കിടയിൽ സ്വന്തം മുത്തശ്ശൻ കൺമുന്നിൽ വെടിയേറ്റു വീഴുന്നത് കണ്ട ആ ബാല്യം പിന്നീട് അഭയാർത്ഥി ക്യാമ്പുകളിലേക്കാണ് വലിച്ചെറിയപ്പെട്ടത്. അവിടെ അവൻ ഫുട്ബോളിൽ ആശ്വാസം കണ്ടെത്തി. ഉയരക്കുറവിന്റെയും മെലിഞ്ഞ ശരീരത്തിന്റെയും പേരിൽ തുടക്കത്തിൽ പരിഹാസങ്ങളും അവഗണനകളും നേരിടേണ്ടി വന്നെങ്കിലും, അചഞ്ചലമായ ഇച്ഛാശക്തിയാൽ ലൂക്ക അവയെയെല്ലാം മറികടന്നു. ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടനത്തിലേക്കുള്ള വരവാണ് ലൂക്കയുടെ കരിയറിലെ ടേണിംഗ് പോയിന്റായത്. പിന്നീട് റയൽ മാഡ്രിഡിലൂടെ അദ്ദേഹം ലോകമറിയുന്ന ഇതിഹാസമായി മാറി. പന്തിനെ തഴുകിയുള്ള ഫസ്റ്റ് ടച്ച്, പാസിങ്ങിലെ കൃത്യത, വിഖ്യാതമായ ട്രിവേല ഷോട്ടുകൾ എന്നിവയിലൂടെ മൈതാനമധ്യത്ത് ശാന്തനായി ഒഴുകിനടന്ന ആ തന്ത്രശാലിയെ ഫുട്ബോൾ ലോകം നെഞ്ചിലേറ്റി.

2018-ലെ റഷ്യൻ ലോകകപ്പാണ് ലൂക്ക മോഡ്രിച്ചിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചത്. വമ്പന്മാരെയെല്ലാം വീഴ്ത്തി ക്രൊയേഷ്യയെ ഫൈനൽ വരെയെത്തിച്ച ആ നായകമികവ് അദ്ദേഹത്തിന് ബാലൻ ഡി ഓർ പുരസ്കാരവും നേടിക്കൊടുത്തു. പിന്നീട് 2022-ൽ ബ്രസീലിനെ തകർത്ത് ക്രൊയേഷ്യ മൂന്നാം സ്ഥാനം നേടിയപ്പോഴും ലൂക്കയുടെ പങ്ക് നിർണ്ണായകമായിരുന്നു. അഞ്ച് ലോകകപ്പുകളിലായി 23 മത്സരങ്ങൾ കളിച്ച മോഡ്രിച്ച്, ഇതിഹാസ താരം പൗലോ മാൽഡീനിക്കൊപ്പമുള്ള റെക്കോർഡ് പങ്കിട്ടാണ് ഇപ്പോൾ ബൂട്ടഴിക്കുന്നത്. രണ്ടുതവണ കൈയകലത്തിൽ വഴുതിപ്പോയ ലോകകിരീടം സ്വന്തമാക്കാൻ കഴിഞ്ഞില്ലെന്ന സങ്കടം ബാക്കിയുണ്ടെങ്കിലും, കിരീടങ്ങൾക്കപ്പുറം കാൽപന്തുകളിയെ ഇത്രമേൽ മനോഹരമാക്കിയതിന് ഫുട്ബോൾ ലോകം എന്നും നന്ദിയുള്ളവരായിരിക്കും. താങ്ക് യു ലൂക്ക.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10