തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്ത്രീസുരക്ഷാ പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പദ്ധതിയിലെ ഗുണഭോക്താക്കളെ കണ്ടെത്തിയതില്‍ വലിയ പരാതികളുണ്ടെന്നും, ഇത് വിശദമായി പരിശോധിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.
120 മാസം അധികാരത്തിലിരുന്ന ഒരു സര്‍ക്കാര്‍ 120-ാം മാസം പ്രഖ്യാപിച്ച തട്ടിക്കൂട്ട് പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. തിരഞ്ഞെടുപ്പ് മാത്രം മുന്നില്‍ കണ്ടാണ് മുന്‍ സര്‍ക്കാര്‍ ഈ പദ്ധതി കൊണ്ടുവന്നത്. ഇതിലെ ഗുണഭോക്താക്കളെ തിരഞ്ഞെടുത്തത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഉയര്‍ന്നുവന്ന പരാതികള്‍ പരിശോധിച്ച ശേഷം മാത്രമേ പദ്ധതി തുടരുന്നതില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മുന്‍ പിണറായി സര്‍ക്കാര്‍ സ്ത്രീപക്ഷ നിലപാടില്ലാത്ത സര്‍ക്കാരായിരുന്നുവെന്നും ആശാ വര്‍ക്കര്‍മാരെ അടക്കം അവഹേളിച്ച ചരിത്രമാണ് അവര്‍ക്കുള്ളതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. എന്നാല്‍ തങ്ങള്‍ പ്രകടനപത്രികയില്‍ പറഞ്ഞ കാര്യങ്ങള്‍ ഭരണത്തിന്റെ ആദ്യ മാസം തന്നെ നടപ്പിലാക്കിയവരാണെന്നും ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി ജീവനക്കാര്‍, പാചക തൊഴിലാളികള്‍ എന്നിവരുടെയെല്ലാം വേതനം വര്‍ധിപ്പിച്ചത് ഈ സര്‍ക്കാരാണെന്നും മുഖ്യമന്ത്രി സഭയില്‍ കൂട്ടിച്ചേര്‍ത്തു.
ആശാവര്‍ക്കര്‍മാരെ എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹസിച്ചു; തെരഞ്ഞടുപ്പിന് തൊട്ടു മുമ്പ് സ്ത്രീകളോട് സ്‌നേഹം: സ്ത്രീ സുരക്ഷ പദ്ധതിയില്‍ സഭയില്‍ ആഞ്ഞടിച്ച് മുഖ്യമന്ത്രി