പിഎം ശ്രീ പദ്ധതി നടപ്പിലാക്കിയതുമായി ബന്ധപ്പെട്ട് മുൻ ഇടത് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ വശങ്ങളും മന്ത്രിസഭാ ഉപസമിതി വിശദമായി പരിശോധിക്കുമെന്നും യുഡിഎഫുമായി ആവശ്യമായ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിശ്ചിത സമയത്തിനുള്ളിൽ ഉപസമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഇതിന്മേൽ മുഖ്യമന്ത്രിയും സർക്കാരുമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.
കേന്ദ്ര സർക്കാരിന് മാത്രം തീരുമാനമെടുക്കാൻ സാധിക്കുന്ന തരത്തിലുള്ള ഏകപക്ഷീയമായ കരാറിലാണ് കഴിഞ്ഞ സർക്കാർ ഒപ്പുവെച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. സംസ്ഥാനത്തിന്റെ താല്പര്യങ്ങൾ അടിയറവ് വെച്ചുകൊണ്ടുള്ളതായിരുന്നു ആ കരാർ. കരാറിൽ നിന്ന് പിൻവാങ്ങാനോ മാറ്റങ്ങൾ വരുത്താനോ ഉള്ള അവകാശം കേന്ദ്രത്തിന് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. അത്തരമൊരു കരാറിൽ ഒപ്പിട്ട ശേഷം ഇപ്പോൾ ചിലർ സംസാരിക്കുന്നതിൽ കാര്യമുണ്ടോ എന്ന് മന്ത്രി ചോദിച്ചു. മുൻ സർക്കാരിന്റെ തുടർച്ചയാണ് ഈ സർക്കാർ എന്ന വസ്‌തുതയും പരിഗണിക്കേണ്ടതുണ്ട്. കഴിഞ്ഞ സർക്കാർ പദ്ധതി മരവിപ്പിച്ചിട്ടില്ല, നീട്ടിവെക്കുകയാണ് ചെയ്തത്. മുന്നണിയുടെ രാഷ്ട്രീയ നിലപാടുകൾ സംരക്ഷിച്ചുകൊണ്ടുള്ള തീരുമാനമെടുക്കാനാണ് ഇപ്പോഴത്തെ ശ്രമമെന്നും മന്ത്രി വ്യക്തമാക്കി.
മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തെച്ചൊല്ലി മുസ്ലീം ലീഗിൽ ഭിന്നതയുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ കേവലം മാധ്യമസൃഷ്ടി മാത്രമാണെന്ന് ഷംസുദ്ദീൻ തള്ളിപ്പറഞ്ഞു. യോഗ്യതയുള്ള നിരവധി ആളുകൾ പാർട്ടിയിലുണ്ടെങ്കിലും പരിമിതമായ ആളുകളെ മാത്രമേ പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താൻ സാധിക്കൂ. നിയമനങ്ങളെല്ലാം പാർട്ടിയാണ് തീരുമാനിച്ചത്. പുറത്തുവരുന്ന വാർത്തകൾ കാര്യങ്ങൾ പൊലിപ്പിച്ചു കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് നോമിനേറ്റഡ് അംഗങ്ങളുടെ കാര്യത്തിൽ ചില ആക്ഷേപങ്ങൾ ഉയർന്നിട്ടുണ്ടെന്നും, ഇക്കാര്യത്തിൽ കോടതിയുടെ അന്തിമ നിർദേശം കാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.