അസ്റ്റെക്കയിലെ നാടകീയ പോരാട്ടം; മെക്സിക്കോയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാര്‍ട്ടറില്‍; ബെല്ലിംഗ്ഹാമിന് ഇരട്ട ഗോൾ
മെക്‌സിക്കോ സിറ്റി: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ആവേശകരവും നാടകീയവുമായ പോരാട്ടത്തില്‍ ആതിഥേയരായ മെക്സിക്കോയെ കീഴടക്കി ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരക്കൂടുതല്‍ ഉയര്‍ത്തിയ കടുത്ത ശാരീരിക വെല്ലുവിളികളും, ചുവപ്പ് കാര്‍ഡിന്റെ തിരിച്ചടിയും മറികടന്ന് 3-2 എന്ന സ്‌കോറിനാണ് തോമസ് ടുക്കലിന്റെ 'ത്രീ ലയണ്‍സ്' അവിസ്മരണീയ വിജയം സ്വന്തമാക്കിയത്. ജൂഡ് ബെല്ലിംഗ്ഹാമിന്റെ ഇരട്ട ഗോളും ഹാരി കെയ്നിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗുമാണ് ഇംഗ്ലണ്ടിന് തുണയായത്.
ആദ്യപകുതിയില്‍ മെക്‌സിക്കന്‍ പ്രതിരോധത്തെ തച്ചുതകര്‍ത്ത ജൂഡ് ബെല്ലിംഗ്ഹാമിന്റെ മിന്നല്‍ പ്രകടനമാണ് ഇംഗ്ലണ്ടിന്റെ വിജയത്തിന് അടിത്തറയിട്ടത്. വെറും 98 സെക്കന്‍ഡുകള്‍ക്കിടെ രണ്ട് തവണയാണ് ബെല്ലിംഗ്ഹാം മെക്‌സിക്കന്‍ വല ചലിപ്പിച്ചത്. ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ കൂടിയ ലക്ഷ്യം കണ്ടതോടെ ഇംഗ്ലണ്ട് മത്സരത്തില്‍ പിടിമുറുക്കി. എന്നാല്‍ ശക്തമായി തിരിച്ചടിച്ച മെക്സിക്കോയ്ക്കായി ജൂലിയന്‍ ക്വിനോനസ്, റൗള്‍ ജിമിനെസ് എന്നിവര്‍ ഗോളുകള്‍ നേടിയതോടെ മത്സരം അങ്ങേയറ്റം ആവേശഭരിതമായി.
തീപാറുന്ന പോരാട്ടത്തിനൊടുവില്‍ ഇംഗ്ലീഷ് താരം ജാരല്‍ ക്വാന്‍സയ്ക്ക് ചുവപ്പ് കാര്‍ഡ് ലഭിച്ചതോടെ കളി അവസാന നിമിഷങ്ങളില്‍ ഇംഗ്ലണ്ടിന് പത്തുപേരുമായി ചുരുങ്ങേണ്ടി വന്നു. മത്സരത്തിലുടനീളം ആറ് മഞ്ഞ കാര്‍ഡുകളും റഫറിക്ക് പുറത്തെടുക്കേണ്ടി വന്നിരുന്നു. സമുദ്രനിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്ന അസ്റ്റെക്ക സ്റ്റേഡിയത്തിലെ കഠിനമായ കാലാവസ്ഥ താരങ്ങളെ ശാരീരികമായി തളര്‍ത്തിയെങ്കിലും, പ്രതികൂല സാഹചര്യങ്ങളെല്ലാം മറികടന്നാണ് തോമസ് ടുക്കലിന്റെ തന്ത്രങ്ങള്‍ വിജയം കണ്ടത്. അസ്റ്റെക്ക സ്റ്റേഡിയത്തില്‍ കളിച്ച കഴിഞ്ഞ 90 മത്സരങ്ങളില്‍ മെക്സിക്കോ വഴങ്ങുന്ന മൂന്നാമത്തെ മാത്രം തോല്‍വിയാണിത് എന്ന പ്രത്യേകതയുമുണ്ട്.
ഈ വിരോചിത വിജയത്തോടെ ഇംഗ്ലണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. അടുത്ത റൗണ്ടില്‍ സൂപ്പര്‍ താരം എര്‍ലിങ് ഹാളണ്ട് നയിക്കുന്ന കരുത്തരായ നോര്‍വേയാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍. 60 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ഒരു വലിയ അന്താരാഷ്ട്ര ടൂര്‍ണമെന്റ് കിരീടം സ്വപ്നം കാണുന്ന ഇംഗ്ലണ്ടിന് നോര്‍വേക്കെതിരെയുള്ള മത്സരം കടുത്ത അഗ്‌നിപരീക്ഷയായിരിക്കും.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.