തിരുവനന്തപുരം: സംസ്ഥാനത്തെ എക്സൈസ് നയത്തിലും എക്സൈസ് വകുപ്പിന്റെ പ്രവർത്തനങ്ങളിലും വലിയ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി പുതിയ സർക്കാർ. എക്സൈസ് മന്ത്രി എം. ലിജുവിന്റെ അധ്യക്ഷതയിൽ ഇന്നലെ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇത് സംബന്ധിച്ച നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. വകുപ്പിന്റെ നയങ്ങളിലും പ്രവർത്തനങ്ങളിലും വരും ദിവസങ്ങളിൽ സമൂലമായ മാറ്റങ്ങൾ പ്രകടമാകുമെന്നും, പുതിയ എക്സൈസ് നയം പരിഷ്കരിക്കുന്നതുമായി ബന്ധപ്പെട്ട് കൃത്യമായ ശുപാർശകളും നിർദ്ദേശങ്ങളും അടിയന്തരമായി എഴുതി നൽകാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകിയതായും യോഗത്തിന് ശേഷം അറിയിച്ചു.
ലഹരി വിപത്തിനെതിരെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'വിമുക്തി' പദ്ധതിയെ കൂടുതൽ ജനകീയമാക്കാനും താഴെത്തട്ടിൽ ശക്തിപ്പെടുത്താനുമാണ് സർക്കാരിന്റെ തീരുമാനം. ഇതിനൊപ്പം തന്നെ എക്സൈസ് വകുപ്പിനെ പൂർണ്ണമായി ആധുനികവത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിന്റെ ആദ്യപടിയായി കേസന്വേഷണങ്ങൾക്ക് സഹായകരമാകുന്ന രീതിയിൽ ഫോൺ രേഖകൾ (Call Detail Records - CDR) നേരിട്ട് ശേഖരിക്കാനുള്ള അനുമതിയടക്കം, അന്വേഷണ മികവ് വർദ്ധിപ്പിക്കാൻ ആവശ്യമായ അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ വകുപ്പിന് ലഭ്യമാക്കും.
വകുപ്പ് നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നായ ജീവനക്കാരുടെ കുറവ് പരിഹരിക്കാൻ എക്സൈസ് വകുപ്പിന്റെ അംഗബലം വർദ്ധിപ്പിക്കുമെന്നും മന്ത്രി ഉന്നതതല യോഗത്തിൽ ഉറപ്പുനൽകി. കൂടുതൽ തസ്തികകൾ സൃഷ്ടിക്കുന്നതും നിലവിലെ ഒഴിവുകൾ നികത്തുന്നതും ഉൾപ്പെടെയുള്ള നടപടികളിലേക്ക് വകുപ്പ് വേഗത്തിൽ കടക്കുമെന്നാണ് സൂചന.