കോഴിക്കോട്: വിലങ്ങാട് വനത്തിനുള്ളില്‍ കുടുങ്ങിപ്പോയ മൂന്ന് യുവാക്കളെ വനംവകുപ്പും അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രക്ഷപെടുത്തി. ചോറോട് ഗോകുലം സ്‌കൂളിന് സമീപം താമസിക്കുന്ന കരിപ്പാല്‍ ഫാസില്‍, മൊട്ടേമ്മല്‍ ഫാസില്‍ റഹ്‌മത്തില്‍, പി.പി. റാഹില്‍ എന്നിവരാണ് വെള്ളിയാഴ്ച രാത്രി വിലങ്ങാട് വാളൂക്കിന് സമീപമുള്ള വയനാടന്‍ മലനിരകളുടെ ഭാഗമായ കാട്ടില്‍ കുടുങ്ങിയത്. നാല് മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ രാത്രി 10.45-ഓടെയാണ് ഇവരെ കണ്ടെത്താനായത്.
വെള്ളിയാഴ്ച വൈകീട്ട് തിരികക്കയം വെള്ളച്ചാട്ടം കണ്ടശേഷമാണ് പുല്ലംപാറ വ്യൂപോയിന്റ് ലക്ഷ്യമാക്കി അഞ്ചുമണിയോടെ ഇവര്‍ കാട്ടില്‍ കയറിയത്. എന്നാല്‍ യാത്രയ്ക്കിടയില്‍ കരിപ്പാല്‍ ഫാസിലിന് വഴിതെറ്റുകയായിരുന്നു. ഇയാളെ കണ്ടെത്താനായി കൂടെയുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ കാട്ടില്‍ കൂക്കിവിളിച്ചും മൊബൈല്‍ ഫോണിന്റെ ഫ്‌ളാഷ്ലൈറ്റ് തെളിയിച്ചും തിരച്ചില്‍ നടത്തി. ഈ ശബ്ദവും വെളിച്ചവും പുറത്തുള്ള നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടതോടെയാണ് കാട്ടില്‍ ആരോ കുടുങ്ങിയിട്ടുണ്ടെന്ന വിവരം പുറത്തറിയുന്നത്.
തുടര്‍ന്ന് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരോടൊപ്പം തിരച്ചില്‍ ആരംഭിച്ചു. രാത്രി എട്ടുമണിവരെ കാട്ടില്‍ നിന്നും ശബ്ദം കേട്ടിരുന്നെങ്കിലും പിന്നീട് ശബ്ദവും വെളിച്ചവും നിലച്ചത് ആശങ്കയുയര്‍ത്തിയിരുന്നു. ഒടുവില്‍ മൂന്ന് മണിക്കൂറിലധികം നീണ്ട ഊര്‍ജിതമായ തിരച്ചിലിനൊടുവിലാണ് മൂവരെയും സുരക്ഷിതമായി പുറത്തെത്തിക്കാനായത്.
അതേസമയം സംഭവത്തില്‍ യുവാക്കള്‍ക്കെതിരെ വനം വകുപ്പ് കേസെടുക്കും. മൂന്ന് പേരും നിലവില്‍ വനം വകുപ്പിന്റെ കസ്റ്റഡിയില്‍ ആണ്. രാത്രിയോടെ കാട്ടില്‍ നിന്ന് പുറത്ത് എത്തിച്ച ശേഷം കസ്റ്റഡിയില്‍ എടുത്ത് കുറ്റ്യാടിയില്‍ എത്തിച്ച് വൈദ്യ പരിശോധന നടത്തി. കാട്ടില്‍ അതിക്രമിച്ച് കയറിയതിനാണ് മൂന്ന് പേര്‍ക്കെതിരെയും നടപടി എടുക്കുകയെന്ന് കുറ്റ്യാടി ഫോറസ്റ്റ് റയ്ഞ്ചര്‍ അറിയിച്ചു.