PINARAYI VIJAYAN| സിപിഎമ്മിന്‍റെ തുടര്‍ഭരണം അനിശ്ചിതത്വത്തില്‍?; കനത്ത തോല്‍വിയില്‍ മൗനം തുടര്‍ന്ന് മുഖ്യമന്ത്രി
Jaihind TV News Report
Jaihind TV Web Desk
June 24, 2025
1 min read
•
Updated: June 09, 2026
തുടര്‍ ഭരണം അവസാന ലാപ്പില്‍ എത്തുമ്പോള്‍ നിലമ്പൂര്‍ സിപിഎമ്മിനും ഇടത് മുന്നണിക്കും ഏല്‍പ്പിച്ചത് ഗുരുതര ആഘാതം. വിവാദങ്ങള്‍ നിറഞ്ഞ രണ്ടാം ഭരണത്തില്‍ വികസന മന്ത്രം ഉയര്‍ത്തിയുള്ള നിലമ്പൂരിലെ പ്രചാരണം ലക്ഷ്യം കാണാതെ പോയി. സാധാരണക്കാരെ അവഗണിച്ച് മുന്നോട്ട് പോകുന്ന ധാര്‍ഷ്ട്യത്തെ ജനം അംഗീകരിക്കില്ലെന്നാണ് ആര്യാടന്‍ ഷൗക്കത്തിന് ലഭിച്ച മികച്ച ഭൂരിപക്ഷം തെളിയിക്കുന്നത്.
തൃക്കാക്കരയിലും പുതുപ്പള്ളിയിലും പിന്നെ പാലക്കാടും യുഡിഎഫ് നേടിയ തിളക്കമാര്‍ന്ന വിജയങ്ങളെ ന്യായീകരിക്കാന്‍ സിപിഎം കണ്ടെത്തിയ കാര്യങ്ങളൊന്നും നിലമ്പൂരിലെ തോല്‍വിയുടെ വിശദീകരണത്തില്‍ മതിയാവില്ല. തദ്ദേശ തെരഞ്ഞെടുപ്പ് പടി വാതിക്കല്‍ എത്തിനില്‍ക്കെ വലിയ തിരുത്തലുകള്‍ക്ക് CPM തയാറാകേണ്ടി വരുമെന്ന് ഉറപ്പാണ്. തുടര്‍ഭരണത്തിലേക്കുള്ള വാതായനം നിലമ്പൂര്‍ തുറക്കുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സിപിഎം. അതുകൊണ്ടാണ് ഇടത് സ്വതന്ത്രനെന്ന പരീക്ഷണം ഒഴിവാക്കി പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലമ്പൂരുകാരനുമായ എം.സ്വരാജിനെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കിയത്. പ്രചാരണത്തിന്റെ മേല്‍നോട്ടം പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ. ബേബിതന്നെ ഏകോപിപ്പിച്ചതും തെരഞ്ഞെടുപ്പിന് സിപിഎം നല്‍കിയ പ്രാധാന്യം വ്യക്തമാക്കുന്നു. എന്നാല്‍ നിലമ്പൂരില്‍ നേട്ടം കൊയ്യാനായാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തകരുടെ ആത്മവിശ്വാസം ഉയര്‍ത്താനാകുമെന്നും ഭരണം പിടിക്കാനാകുമെന്നും ലക്ഷ്യമിട്ട് പിഴവുകളില്ലാതെ പ്രവര്‍ത്തിക്കുന്നതില്‍ യുഡിഎഫ് വിജയിച്ചു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ഞെട്ടിക്കുന്ന വിജയങ്ങളായിരുന്നു ഇടത് മുന്നണി സ്വന്തമാക്കിയത്. അരൂര്‍ നഷ്ടമായെങ്കിലും കോന്നിയും വട്ടിയൂര്‍ക്കാവും സ്വന്തമാക്കി. ഈ ആത്മവിശ്വാസത്തിന്റെ ഒപ്പം കൊവിഡ് കാലത്തെ കരുതല്‍ പ്രവര്‍ത്തനങ്ങളും പ്രചാരണ തന്ത്രങ്ങളും കൂടിയായപ്പോള്‍ അനായാസം രണ്ടാം ഭരണം കൈപ്പിടിയിലൊതുക്കി. എന്നാല്‍ പരിചയ സമ്പന്നരെ കൂട്ടത്തോടെ ഒഴിവാക്കി പുതിയ നേതാക്കളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തി തുടങ്ങിയ രണ്ടാം ഭരണം തുടക്കം മുതലേ പാളുന്നതാണ് കണ്ടത്. മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി എന്ന ആക്ഷേപം, പൂരം കലങ്ങല്‍, ക്ഷേമ പെന്‍ഷന്‍ മുടങ്ങല്‍, എ.ഡി.എം നവീന്‍ ബാബുവിന്റെ ആത്മഹത്യയും ജില്ല പഞ്ചായത്ത് പ്രസിഡന്റായിരുന്ന? പി.പി ദിവ്യയുടെ അധികാരഗര്‍വും, നവകേരള യാത്ര തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിവാദങ്ങള്‍ ഉയര്‍ന്നു. എന്നാല്‍ എല്ലാത്തരം വിമര്‍ശനങ്ങളും വീഴ്ചകളും വികസനം എന്ന ഒറ്റ മന്ത്രത്തിലൂടെ മറികടക്കാനാവുമെന്നായിരുന്നു സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ആത്മവിശ്വാസം. മുന്‍ കാലങ്ങളില്‍ ഭരണത്തില്‍ തിരുത്തലുകളുമായി പാര്‍ട്ടി ഇടപെടുന്ന രീതിയുണ്ടായിരുന്നു. വി.എസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെ പാര്‍ട്ടി വരിഞ്ഞ് മുറുക്കിയിരുന്നു. എന്നാല്‍ പിണറായി മുഖ്യമന്ത്രിയായതോടെ കീഴ് വഴക്കങ്ങളെല്ലാം മാറിമറിഞ്ഞു. പാര്‍ട്ടിയിലും ഭരണത്തിലും ചോദ്യം ചെയ്യപ്പെടാനാവാത്ത ശക്തിയായി അദ്ദേഹം മാറി. പുതിയ സാഹചര്യത്തില്‍ പാര്‍ട്ടിയും സെക്രട്ടറിയും കൂടുതല്‍ കുരുത്ത് കാട്ടുമോ എന്ന കാര്യമാണ് രാഷ്ട്രീയ കേരളം കാത്തിരിക്കുന്നത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10