തടവിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റനുമായ ഇമ്രാൻ ഖാന് മാനുഷിക പരിഗണനയും അടിയന്തര വൈദ്യസഹായവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 21 മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റൻമാർ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന് കത്തയച്ചു. ഇന്ത്യയുടെ ഇതിഹാസ താരങ്ങളായ കപിൽ ദേവ്, സുനിൽ ഗവാസ്കർ, ദിലീപ് വെങ്സർക്കാർ എന്നിവരടക്കമുള്ളവരാണ് ഈ കത്തിൽ ഒപ്പുവെച്ചിരിക്കുന്നത്.
മൂന്ന് വർഷത്തിലധികമായി ജയിലിൽ കഴിയുന്ന ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയാണ് മുൻ താരങ്ങളുടെ ഇടപെടൽ. കോടതി ഉത്തരവ് പ്രകാരം സ്വകാര്യ ഡോക്ടർമാരും ഇമ്രാന്റെ സഹോദരി ഡോ. ഉസ്മ ഖാനും ഉൾപ്പെടുന്ന മെഡിക്കൽ ബോർഡ് പരിശോധന പൂർത്തിയാക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തെ തിരികെ ജയിലിലേക്ക് മാറ്റിയത് കോടതിവിധിയുടെ ലംഘനമാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രീയത്തിനപ്പുറം ക്രിക്കറ്റ് മൈതാനത്ത് ഇമ്രാനുമായി പങ്കിട്ട സൗഹൃദമാണ് ഈ അഭ്യർത്ഥനയ്ക്ക് പിന്നിലെന്ന് താരങ്ങൾ വ്യക്തമാക്കി.
കപിൽ ദേവിനും ഗവാസ്കറിനും പുറമെ മൈക്കൽ ആതർട്ടൺ, അലസ്റ്റെയർ കുക്ക്, നാസർ ഹുസൈൻ (ഇംഗ്ലണ്ട്), അലൻ ബോർഡർ, ഗ്രെഗ് ചാപ്പൽ, ഇയാൻ ചാപ്പൽ, സ്റ്റീവ് വോ (ഓസ്ട്രേലിയ), ക്ലൈവ് ലോയ്ഡ് (വെസ്റ്റ് ഇൻഡീസ്), അർജുന രണതുംഗ (ശ്രീലങ്ക), ജോൺ റൈറ്റ് (ന്യൂസിലൻഡ്) തുടങ്ങിയ ലോക ക്രിക്കറ്റിലെ പ്രമുഖരായ നിരവധി മുൻ നായകന്മാരും കത്തിന്റെ ഭാഗമായിട്ടുണ്ട്.
മുൻ ക്യാപ്റ്റൻമാരുടെ പ്രധാന ആവശ്യങ്ങൾ:
1. ഇമ്രാന്‍ ഖാന്റെ വലത് കണ്ണിന്റെ കാഴ്ച ശക്തി നഷ്ടപ്പെട്ടുവെന്ന വാര്‍ത്തകള്‍ അടക്കമുള്ള ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ വിദഗ്ധ മെഡിക്കല്‍ ബോര്‍ഡിനെക്കൊണ്ട് പരിശോധിപ്പിക്കുക.
2. കോടതി ഉത്തരവിട്ട പ്രതിവാര കുടുംബ സന്ദര്‍ശനങ്ങള്‍ യാതൊരു തടസ്സവുമില്ലാതെ അനുവദിക്കുക.
3. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദ്ദേശിക്കുന്ന തുടര്‍ചികിത്സകള്‍ കാലതാമസമില്ലാതെ ലഭ്യമാക്കുക.