ഓസ്‌ലോ: മൊൾഡോവയിൽ നിന്ന് നോർവേയിലേക്ക് പുറപ്പെടാനിരുന്ന യുക്രൈൻ പ്രസിഡന്റ് വോളോദിമിർ സെലെൻസ്‌കി ഡ്രോൺ ആക്രമണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നോർവേയിലെ ഹരാൾഡ് രാജാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ ഒസ്ലോയിലേക്ക് പോകാൻ സെലെൻസ്‌കിയുടെ വിമാനം മൊൾഡോവയിലെ ചിസിനാവു വിമാനത്താവളത്തിൽ നിന്ന് ടേക്ക് ഓഫ് ചെയ്യാൻ ഒരുങ്ങുമ്പോഴാണ് അപകടകരമായ രീതിയിൽ ഡ്രോൺ പറന്നെത്തിയത്.
സംഭവത്തെ തുടർന്ന് മൊൾഡോവയുടെ വ്യോമാതിർത്തി ഉടൻതന്നെ അടച്ചു. അതിർത്തി കടന്നെത്തിയത് റഷ്യൻ ഡ്രോണാണെന്നാണ് മൊൾഡോവ ആരോപിക്കുന്നത്. വിമാനത്താവളത്തിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെ ഡ്രോൺ തകർന്നുവീണതായി സ്ഥിരീകരിച്ച ശേഷമാണ് വിമാനത്തിന് പുറപ്പെടാൻ അനുമതി നൽകിയത്. ഇതേത്തുടർന്ന് യാത്ര വൈകി. സെലെൻസ്‌കി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്ന് നോർവീജിയൻ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ വ്യക്തമാക്കിയെങ്കിലും റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
ഇതൊരു യാദൃച്ഛികമായ സംഭവമല്ലെന്നും യുക്രൈൻ പ്രസിഡന്റിന്റെ വിമാനം വിമാനത്താവളത്തിലുള്ളപ്പോൾ നിരീക്ഷണത്തിനായി മാത്രം ഒരു ഡ്രോൺ അതിർത്തി കടന്നെത്തി എന്ന് കരുതാനാകില്ലെന്നും യു.എസിലെ മൊൾഡോവ അംബാസഡർ വ്ലാഡിസ്ലാവ് കുൽമിൻസ്കി പറഞ്ഞു. സെലെൻസ്‌കിയെ തന്നെ ലക്ഷ്യമിട്ടാണോ ആക്രമണം നടത്തിയതെന്നതിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.