ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഇതര മതചിഹ്നങ്ങൾ ധരിച്ച് പ്രവേശിക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുമെന്ന് ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അറിയിച്ചു. ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട് രണ്ട് ഓതിക്കന്മാരെ ആറുമാസത്തേക്ക് സസ്‌പെൻഡ് ചെയ്തതായും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തിൽ ആചാരലംഘനം നടന്നതിനെ തുടർന്ന് നടത്തിയ പുണ്യാഹത്തിന്റെ ചെലവും ബന്ധപ്പെട്ടവരിൽ നിന്ന് പിഴയായി ഈടാക്കാൻ തീരുമാനിച്ചതായി ദേവസ്വം ചെയർമാൻ പറഞ്ഞു. ക്ഷേത്രാചാരങ്ങളും പവിത്രതയും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അഷ്ടമിരോഹിണി ദിനത്തിൽ ഒന്നരലക്ഷത്തിലേറെ ഭക്തർ ഗുരുവായൂർ ക്ഷേത്രസന്നിധിയിലെത്തിയതായി ദേവസ്വം ചെയർമാൻ അറിയിച്ചു. വിശേഷാൽ പ്രസാദ ഊട്ടിൽ ഏകദേശം 50,000 ഭക്തർ പങ്കെടുത്തതായും അദ്ദേഹം പറഞ്ഞു. പുന്നത്തൂർ കോവിലകം പുതുക്കിപ്പണിയുന്നതിനായി 6.40 കോടി രൂപയുടെ പദ്ധതിക്ക് സർക്കാരിന്റെ അനുമതി ലഭിച്ചതായും ദേവസ്വം അറിയിച്ചു.
വെങ്ങാട് ഗോശാലയുടെ നവീകരണത്തിനായി 70 കോടി രൂപയുടെ പദ്ധതിക്കും സർക്കാർ ഭരണാനുമതി നൽകിയിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പൈതൃക-സൗകര്യ വികസന പ്രവർത്തനങ്ങൾ ഇതിലൂടെ കൂടുതൽ ശക്തമാക്കാനാണ് ദേവസ്വത്തിന്റെ ലക്ഷ്യം.