പത്മ പുരസ്‌കാരങ്ങള്‍ രാഷ്ട്രപതി വിതരണം ചെയ്തു. സുപ്രീംകോടതി മുന്‍ ജസ്റ്റിസ് കെ.ടി.തോമസ്, ജന്‍മഭൂമി പത്രത്തിന്റെ സഹസ്ഥാപകനും മുഖ്യപത്രാധിപരുമായിരുന്ന പി.നാരായണന്‍ എന്നിവര്‍ പത്മവിഭൂഷന്‍ ബഹുമതിയും നടന്‍ മമ്മൂട്ടിയും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷന്‍ ബഹുമതിയും ഏറ്റുവാങ്ങി. രണ്ടാംഘട്ട അവാര്‍ഡ് വിതരണമാണ് നടന്നത്.
'പത്മഭൂഷന്‍ ബഹുമതിയില്‍ വിനയവും ആദരവും തോന്നുന്നു. ഈ അഭിമാനകരമായ അംഗീകാരത്തിന് കേന്ദ്ര സര്‍ക്കാറിനോട് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. ഈയൊരു ബഹുമതി അഞ്ച് പതിറ്റാണ്ട് നീണ്ട എന്റെ യാത്രയുടെ പ്രതിഫലനമാണ്. നിങ്ങള്‍, എന്റെ പ്രിയപ്പെട്ട പ്രേക്ഷകരില്ലാതെ ഈ യാത്ര സാധ്യമാകുമായിരുന്നില്ല. ഓരോ ദിവസവും എന്നെ മുന്നോട്ട് നയിക്കുന്ന അനന്തമായ സ്‌നേഹത്തിനും വിശ്വാസത്തിനും പിന്തുണക്കും നന്ദി. ഈ പുരസ്‌കാരം സിനിമയെന്ന മനോഹര ലോകത്തിനും നിങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചത്.
മോഹിനിയാട്ടം കലാകാരി കലാമണ്ഡലം വിമല മേനോന്‍, ബഹിരാകാശ ശാസ്ത്രജ്ഞന്‍ ഡോ. എ.ഇ.മുത്തുനായകം, പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെ പേരില്‍ കായംകുളം കണ്ടല്ലൂര്‍ കൊല്ലകല്‍ ദേവകിയമ്മ എന്നിവര്‍ക്കാണു കേരളത്തില്‍നിന്നു പത്മശ്രീ ലഭിച്ചത്. എറണാകുളത്തു ജനിച്ച എന്‍.രാജത്തെ യുപിയുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയത്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ഡീനും ഇമെരിറ്റസ് പ്രഫസറുമായിരുന്നു.
അഞ്ച് പതിറ്റാണ്ട് നീണ്ട അഭിനയപാടവത്തിനുള്ള ആദരമാണ് മമ്മൂട്ടിക്കുള്ള പത്മഭൂഷണ്‍ പുരസ്‌കാരം. ഭാര്യ സുല്‍ഫത്ത്, മക്കളായ ദുല്‍ഖര്‍ സല്‍മാന്‍, സുറുമി എന്നിവര്‍ക്കൊപ്പമാണ് മമ്മൂട്ടി പുരസ്‌കാരം ഏറ്റുവാങ്ങാനെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരെ കൈകൂപ്പി അഭിവാദ്യം ചെയ്ത ശേഷമാണ് മമ്മൂട്ടി പുരസ്‌കാരം സ്വീകരിക്കാനായി രാഷ്ട്രപതിയുടെ അടുത്തെത്തിയത്.
മഹാരാഷ്ട്ര മുന്‍ ഗവര്‍ണറും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഭഗത് സിങ് കോഷിയാരി, ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍, ഡല്‍ഹിയിലെ മുതിര്‍ന്ന ബിജെപി നേതാവ് വി.കെ.മല്‍ഹോത്ര, കോട്ടക് മഹീന്ദ്ര ബാങ്ക് സ്ഥാപകന്‍ ഉദയ് കോട്ടക്, ഗായിക അല്‍ക യാഗ്‌നിക്, ഇന്ത്യന്‍ പരസ്യരംഗത്തെ ഇതിഹാസമായിരുന്ന പിയൂഷ് പാണ്ഡെ തുടങ്ങി 18 പേര്‍ക്കാണു പത്മഭൂഷണ്‍ ലഭിച്ചത്. സോറന്‍, മല്‍ഹോത്ര, പാണ്ഡെ എന്നിവര്‍ക്കു മരണാനന്തര ബഹുമതിയാണ്.
ക്രിക്കറ്റ് താരങ്ങളായ രോഹിത് ശര്‍മ, ഹര്‍മന്‍പ്രീത് കൗര്‍, ഹോക്കി താരം സവിത പുനിയ, മുതിര്‍ന്ന ടെന്നിസ് താരം വിജയ് അമൃത് രാജ്, പാരാലിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് പ്രവീണ്‍കുമാര്‍, കര്‍ണാടക സംഗീതജ്ഞരായ ഗായത്രി ബാലസുബ്രഹ്‌മണ്യം, രഞ്ജിനി ബാലസുബ്രഹ്‌മണ്യം, മുന്‍ ആഭ്യന്തര അണ്ടര്‍ സെക്രട്ടറി ആര്‍.വി.എസ്.മണി തുടങ്ങി 131 പേര്‍ക്കാണ് പത്മശ്രീ ലഭിച്ചത്.