Logo
Sat, Jul 11, 2026 • 10:31 PM
LIVE TV
Watch

No business videos available

No Middle East videos available

ആ സ്വരം മാഞ്ഞൂ...നിലച്ചത് പതിറ്റാണ്ടുകളുടെ ശബ്ദം; ​ഗായിക എസ്. ജാനകിയമ്മ അന്തരിച്ചു


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 11, 2026
1 min read
SHARE:
SAVE: Login to save

ആ സ്വരം മാഞ്ഞൂ...നിലച്ചത് പതിറ്റാണ്ടുകളുടെ ശബ്ദം; ​ഗായിക എസ്. ജാനകിയമ്മ അന്തരിച്ചു

മൈസൂരു: ഇന്ത്യൻ ചലച്ചിത്ര സംഗീത ലോകത്തെ വാനമ്പാടി, ആരാധകരുടെ പ്രിയപ്പെട്ട 'ജാനകിയമ്മ' (88) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മൈസൂരുവിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അഞ്ചരപ്പതിറ്റാണ്ടുകാലം ഇന്ത്യയിലെ അസംഖ്യം ഭാഷകളിൽ പ്രണയവും വിരഹവും വാത്സല്യവും ആവാഹിച്ച ആ സുരഭില നാദമാണ് ഇതോടെ നിലച്ചത്.

1938 ഏപ്രിൽ 23-ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലായിരുന്നു എസ്. ജാനകിയുടെ ജനനം. മൂന്നാം വയസ്സിൽ തന്നെ സംഗീതത്തിന്റെ വഴിയിലെത്തിയ അവർ ആകാശവാണിയിലൂടെയാണ് ശ്രദ്ധേയയായത്. 1957-ൽ 'വിധിയിൻ വിളയാട്ട്' എന്ന തമിഴ് ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച ജാനകി പിന്നീട് ഇന്ത്യൻ സംഗീത ലോകത്തിന്റെ അനിഷേധ്യ രാജ്ഞിയായി മാറി. മലയാളം, കന്നഡ, തമിഴ്, തെലുങ്ക്, ഹിന്ദി ഉൾപ്പെടെ പതിനേഴോളം ഭാഷകളിലായി 48,000-ത്തോളം ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രം 1200-ലധികം അനശ്വര ഗാനങ്ങളാണ് ആ ശബ്ദത്തിൽ പിറന്നത്. 

കേവലം ഒരു പിന്നണി ഗായിക എന്നതിനപ്പുറം ഇന്ത്യൻ ചലച്ചിത്ര സംഗീത ശാഖയിൽ സ്വന്തമായി ഇടം കണ്ടെത്തിയ പ്രതിഭയാണ് ജാനകിയമ്മ. ആലാപന മികവിനൊപ്പം ഗാനരചനയിലും സംഗീത സംവിധാനത്തിലും അവർ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നിരവധി ജനപ്രിയ തമിഴ്, തെലുങ്ക് ചിത്രങ്ങൾക്ക് വേണ്ടി അവർ മനോഹരമായ വരികൾ എഴുതുകയും ഈണം പകരുകയും ചെയ്തു.

കേരളവും തമിഴ്‌നാടും ആന്ധ്രയും ഒരേപോലെ നെഞ്ചിലേറ്റിയ ജാനകിയമ്മയെ തേടി പതിനാല് തവണയാണ് കേരള സംസ്ഥാന പുരസ്‌കാരം എത്തിയത്. ആന്ധ്രപ്രദേശ് സർക്കാർ പത്ത് തവണയും തമിഴ്‌നാട് സർക്കാർ ഏഴ് തവണയും അവരെ മികച്ച ഗായികയായി തിരഞ്ഞെടുത്തു. സിനിമ ആർക്കൈവർ അവാർഡ് (2002), സ്വരലയ യേശുദാസ് അവാർഡ് (2005) തുടങ്ങി സംഗീത ലോകത്തെ പ്രമുഖ പുരസ്‌കാരങ്ങള്‍ക്കും ജാനകിയമ്മ അര്‍ഹയായിട്ടുണ്ട്. 

1976-ൽ `പതിനാറു വയതിനിലേ എന്ന തമിഴ്‌ ചിത്രത്തിലെ സിന്ദൂര പൂവേ... എന്നു തുടങ്ങുന്ന ഗാനത്തിനാണ്‌ ആദ്യമായി ദേശീയപുരസ്‌കാരം ലഭിച്ചത്‌. 1980-ൽ ഓപ്പോൾ എന്ന മലയാളചിത്രത്തിലെ ഏറ്റുമാനൂർ അമ്പലത്തിൽ... എന്ന ഗാനത്തിനും 1984-ൽ തെലുഗു ചിത്രമായ `സിതാര'യിൽ വെന്നല്ലോ ഗോദാരി ആനന്ദം... എന്നു തുടങ്ങുന്ന ഗാനത്തിനും 1992-ൽ തമിഴ്‌ ചിത്രമായ `തേവർമകനിൽ ഇഞ്ചി ഇടുപ്പഴകാ... എന്നു തുടങ്ങുന്ന ഗാനത്തിനുമാണ്‌ ദേശീയ അവാർഡുകൾ ലഭിച്ചത്‌.



Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10