കൊച്ചി: അരിയിൽ ഷുക്കൂറിനെ വധിച്ചത് കൃത്യമായ ഗൂഢാലോചനയോടുകൂടിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി. അരിയിൽ ഷുക്കൂർ വധക്കേസിൽ വിധി വന്ന ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിധിയുടെ മുഴുവൻ വിശദാംശങ്ങളും ലഭിച്ച ശേഷം ലീഗിന്റെ വിശദമായ പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
മൃഗീയവും പൈശാചികവുമായ കൊലപാതകമാണ് നടന്നതെന്നും ഗൂഢാലോചന നടന്നു എന്നതിൽ സംശയമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗൂഢാലോചന വിഷയത്തിൽ മേൽക്കോടതിയിൽ അപ്പീൽ പോകുമെന്നും അദ്ദേഹം അറിയിച്ചു.
പല സാക്ഷികളും കോടതിക്കുള്ളിൽ വരാതിരുന്നത് ഭയം കാരണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാക്ഷികളെ ഭീഷണിപ്പെടുത്തിയതും സാക്ഷികൾ കോടതിയിൽ എത്താത്തതുമാണ് കേസിൽ തിരിച്ചടിയായത്. ഈ കൊലപാതകം യാദൃച്ഛികമായ സംഭവമല്ലെന്നും ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതിൽ സിപിഎം നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ മേൽക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അരിയിൽ ഷുക്കൂർ വധം കൃത്യമായ ഗൂഢാലോചനയോടെ; മേൽക്കോടതിയിൽ അപ്പീൽ പോകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി