ബിജെപിയെയും വെട്ടിച്ച് 'കോക്രോച്ച് ജനതാ പാർട്ടി'; ഇൻസ്റ്റഗ്രാമിൽ ഒരുകോടി ഫോളോവർമാരുമായി ആക്ഷേപഹാസ്യ മുന്നണി സിജെപി
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ചതിൽ പ്രതിഷേധിച്ച് രൂപംകൊണ്ട 'കോക്രോച്ച് ജനതാ പാർട്ടി' (CJP) സോഷ്യൽ മീഡിയയിൽ കുതിപ്പ് തുടരുന്നു. രാഷ്ട്രീയരംഗത്തെ അമ്പരപ്പിച്ചുകൊണ്ട് പാർട്ടിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം അക്കൗണ്ട് പിന്തുടരുന്നവരുടെ എണ്ണം ഒരുകോടി കവിഞ്ഞു. കൗതുകകരമായ കാര്യം, ചിത്രങ്ങളും റീലുകളും ഉൾപ്പെടെ വെറും അൻപതോളം പോസ്റ്റുകൾ മാത്രം പങ്കുവെച്ചുകൊണ്ടാണ് സിജെപി ഈ അസാധാരണ നേട്ടം കൈവരിച്ചത്.
'യുവാക്കൾക്കുവേണ്ടി യുവാക്കളാൽ തിരഞ്ഞെടുക്കപ്പെട്ട യുവാക്കളുടെ രാഷ്ട്രീയ മുന്നണി' എന്നാണ് സിജെപിയുടെ ഇൻസ്റ്റഗ്രാം ബയോയിൽ കുറിച്ചിരിക്കുന്നത്. അഭിജീത്ത് ദിപ്‌കെ എന്ന യുവാവാണ് ഈ ജനപ്രിയ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പിന്നിൽ പ്രവർത്തിക്കുന്നത്. പാർട്ടിയുടെ സ്ഥാപക പ്രസിഡന്റ് എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയ പേജുകൾക്ക് പുറമെ കോക്രോച്ച് ജനതാ പാർട്ടിക്കായി ഒരു പ്രത്യേക വെബ്‌സൈറ്റും അദ്ദേഹം തയാറാക്കിയിട്ടുണ്ട്. വെബ്‌സൈറ്റ് വഴി താല്പര്യമുള്ള ആർക്കും ഈ ഡിജിറ്റൽ 'പാർട്ടി'യിൽ അംഗത്വമെടുക്കാവുന്നതാണ്.
ഇൻസ്റ്റഗ്രാം ഫോളോവർമാരുടെ എണ്ണത്തിൽ രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളെപ്പോലും സിജെപി പിന്നിലാക്കിക്കഴിഞ്ഞു. 87 ലക്ഷം ഫോളോവർമാരുള്ള ഭരണകക്ഷിയായ ബിജെപിയെ നേരത്തെ തന്നെ കോക്രോച്ച് പാർട്ടി മറികടന്നിരുന്നു. നിലവിൽ ഒരുകോടി 8 ലക്ഷം ഫോളോവർമാരുമായി കുതിക്കുന്ന സിജെപിയുടെ മുന്നിൽ ഇനി ഫോളോവേഴ്സിന്റെ എണ്ണത്തിൽ കോൺഗ്രസ് മാത്രമാണുള്ളത്. ഒരുകോടി 33 ലക്ഷം ഫോളോവർമാരാണ് നിലവിൽ കോൺഗ്രസിന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിനെ പിന്തുടരുന്നത്. ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിനെതിരെ യുവാക്കൾ ഡിജിറ്റൽ ലോകത്ത് തീർത്ത ഈ ആക്ഷേപഹാസ്യ പ്രതിഷേധം വരും ദിവസങ്ങളിലും വലിയ ചർച്ചകൾക്ക് വഴിവെക്കുമെന്നുറപ്പാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.