ടെഹ്‌റാന്‍: അമേരിക്ക ഉടനടി കീഴടങ്ങണമെന്നും മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കി ഇറാന്‍. ആക്രമിക്കാന്‍ മുതിര്‍ന്നാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും ഇനി മേഖലയിലെ ക്രമങ്ങള്‍ ഇറാന്‍ തീരുമാനിക്കുമെന്നും ഇറാന്‍ പാര്‍ലമെന്റ് ദേശീയ സുരക്ഷ കമ്മീഷന്‍ മേധാവി വ്യക്തമാക്കി. അമേരിക്കയുടെ സാമ്പത്തിക യുദ്ധത്തിലും ഇറാന്‍ തന്നെ വിജയിക്കുമെന്ന് ഭരണകൂടം അവകാശപ്പെട്ടു.
സ്വന്തം രാജ്യത്തെ കുതിച്ചുയരുന്ന കടത്തില്‍ നിന്നും പലിശ നിരക്കുകളില്‍ നിന്നും പൗരന്മാരുടെ ശ്രദ്ധ തിരിക്കാനാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇത്തരം നീക്കങ്ങള്‍ നടത്തുന്നതെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ആരോപിച്ചു. മുന്‍പ് പരാജയപ്പെട്ട നയങ്ങള്‍ വീണ്ടും നടപ്പിലാക്കുന്നത് അമേരിക്കയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് മാത്രമേ എത്തിക്കൂ എന്നും, യുഎസിന്റെ സാമ്പത്തിക ഭീകരവാദം ആഗോള സമ്പദ്വ്യവസ്ഥയ്ക്കും രാജ്യങ്ങളുടെ പരമാധികാരത്തിനും വലിയ ഭീഷണിയാണെന്നും അദ്ദേഹം എക്‌സില്‍ (X) കുറിച്ചു.
ഇറാനെ സഹായിക്കുകയോ വ്യാപാരബന്ധം പുലര്‍ത്തുകയോ ചെയ്യുന്ന രാജ്യങ്ങള്‍ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് ഇറാന്റെ പ്രതികരണം. മുന്‍പ് ധാരണയിലെത്താന്‍ നല്‍കിയ അവസരങ്ങള്‍ ഇറാന്‍ പ്രയോജനപ്പെടുത്തിയില്ലെന്നും, ഇനി നേരിടാന്‍ പോകുന്നത് മുന്‍പെങ്ങുമില്ലാത്ത വിധമുള്ള സാമ്പത്തിക ഒറ്റപ്പെടുത്തലായിരിക്കുമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് ശക്തമായ മറുപടിയാണ് ഇറാന്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.
അമേരിക്ക കീഴടങ്ങണം, മേഖല വിട്ടുപോകണം; ട്രംപിന്റെ ഉപരോധ ഭീഷണിക്ക് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി ഇറാൻ