ഗള്‍ഫ് മേഖലയില്‍ യുദ്ധപ്രതീതി: യുഎസ് യുദ്ധവിമാനം വെടിവെച്ചിട്ടെന്ന് ഇറാന്‍; പ്രതികരിക്കാതെ അമേരിക്ക
Jaihind TV News Report
Jaihind TV Web Desk
March 26, 2026
1 min read
•
Updated: June 02, 2026
ടെഹ്റാന്‍/വാഷിംഗ്ടണ്‍: ഗള്‍ഫ് മേഖലയില്‍ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങള്‍ അതിരൂക്ഷമാകുന്നു. അമേരിക്കയുടെ അത്യാധുനിക എഫ്-18 (F-18) യുദ്ധവിമാനം തങ്ങള്‍ വെടിവെച്ചിട്ടതായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് അവകാശപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇറാന്റെ ഔദ്യോഗിക മാധ്യമമായ പ്രസ് ടിവി പുറത്തുവിട്ടിട്ടുണ്ട്.
ആകാശത്തുവെച്ച് വിമാനത്തിന് സമീപം സ്‌ഫോടനമുണ്ടാകുന്നതും നിയന്ത്രണം നഷ്ടപ്പെട്ട വിമാനം താഴേക്ക് പതിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇറാന്‍ പുറത്തുവിട്ടത്. വിമാനം തകരുന്നതിന് തൊട്ടുമുമ്പ് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയതായും റിപ്പോര്‍ട്ടുകളുണ്ട്. മുംബൈയിലെ ഇറാനിയന്‍ കോണ്‍സുലേറ്റും ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിട്ടുണ്ട്.
ഇറാന്റെ അവകാശവാദത്തോട് യുഎസ് സൈന്യം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കഴിഞ്ഞ ഫെബ്രുവരി മുതല്‍ തുടരുന്ന സംഘര്‍ഷത്തിനിടെ സമാനമായ നിരവധി അവകാശവാദങ്ങള്‍ ഇറാന്‍ ഉന്നയിച്ചിരുന്നെങ്കിലും അവയെല്ലാം യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് തള്ളുകയായിരുന്നു. വിമാനങ്ങള്‍ വെടിവെച്ചിട്ടതല്ലെന്നും സാങ്കേതിക തകരാറുകള്‍ മൂലം അടിയന്തരമായി ഇറക്കിയതാണെന്നുമാണ് അമേരിക്കന്‍ നിലപാട്. മാര്‍ച്ച് 5 ന് എഫ്-15 വിമാനം തകര്‍ത്തതായും മാര്‍ച്ച് 19 ന് എഫ്-35 സ്റ്റെല്‍ത്ത് വിമാനം ആക്രമിച്ചതായും ഇറാന്‍ അവകാശപ്പെട്ടിരുന്നു.
അയല്‍രാജ്യങ്ങളുടെ സഹായത്തോടെ ഇറാന്റെ അധീനതയിലുള്ള ദ്വീപ് പിടിച്ചെടുക്കാന്‍ ശത്രുക്കള്‍ നീക്കം നടത്തുന്നതായി ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഘാലിബാഫ് മുന്നറിയിപ്പ് നല്‍കി. അധിനിവേശ ശ്രമമുണ്ടായാല്‍ അതിന് കൂട്ടുനില്‍ക്കുന്ന രാജ്യങ്ങളുടെ ഊര്‍ജ്ജ നിലയങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ക്കും നേരെ അതിശക്തമായ ആക്രമണം അഴിച്ചുവിടുമെന്ന് അദ്ദേഹം എക്‌സ് പ്ലാറ്റ്ഫോമിലൂടെ ഭീഷണി മുഴക്കി.
പുതിയ സംഭവവികാസങ്ങള്‍ മേഖലയെ ഒരു പൂര്‍ണ്ണ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങള്‍.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10