അങ്കാറയിൽ വധശ്രമത്തിൽനിന്ന് ട്രംപ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒളിപ്പിച്ചത് കേറ്ററിംഗ് ട്രക്കിൽ
തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന നാറ്റോ ഉച്ചകോടിക്കിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് നേരെ ഉണ്ടായ വധശ്രമം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ തടഞ്ഞു. ട്രംപ് താമസിച്ച കെട്ടിടവും അദ്ദേഹം നിലയുറപ്പിച്ച കൃത്യമായ നിലയും വരെ ഇറാന്റെ ഏജന്റുമാർ ചോർത്തിയെന്ന കണ്ടെത്തൽ സുരക്ഷാ ഉദ്യോഗസ്ഥരെ അമ്പരപ്പിച്ചു. ഇതേത്തുടർന്ന് അതീവ സുരക്ഷാ മുൻകരുതലുകളോടെയാണ് ട്രംപിനെ അങ്കാറയിൽനിന്ന് മാറ്റിയത്. ഉച്ചകോടി നടന്ന സ്ഥലത്തിന് സമീപം തോളിൽവെച്ച് തൊടുക്കാവുന്ന മിസൈലുമായി ഒരാളെ കണ്ടതായും, ട്രംപ് സഞ്ചരിക്കേണ്ട എയർഫോഴ്സ് വൺ വിമാനത്തിന് നേരെ ആക്രമണത്തിന് സാധ്യതയുണ്ടെന്നും ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾ ഉൾപ്പെടെ മുന്നറിയിപ്പ് നൽകിയിരുന്നു. കൂടാതെ, ട്രംപ് ഉപയോഗിച്ചിരുന്ന ഖത്തർ നൽകിയ വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണമല്ലെന്നതും ആശങ്ക വർദ്ധിപ്പിച്ചു.
ഭീഷണി ശക്തമായതോടെ അങ്കാറ വിമാനത്താവളത്തിൽ തികച്ചും നാടകീയമായ സുരക്ഷാ നീക്കങ്ങളാണ് അമേരിക്കൻ സംഘം പുറത്തെടുത്തത്. ജൂലൈ എട്ടിന് ഉച്ചകോടി കഴിഞ്ഞ് മടങ്ങവേ, ട്രംപ് ക്യാമറകൾക്ക് മുന്നിൽവെച്ച് എയർഫോഴ്സ് വണ്ണിൽ കയറി. എന്നാൽ, ഉള്ളിൽ കടന്ന ഉടൻ ആരുടെയും ശ്രദ്ധയിൽപ്പെടാതെ അദ്ദേഹത്തെ പുറത്തെത്തിച്ച് ഒരു കേറ്ററിംഗ് ട്രക്കിനുള്ളിൽ ഒളിപ്പിച്ചു. തുടർന്ന് മിസൈൽ പ്രതിരോധ ശേഷിയുള്ള സി-32എ എന്ന ചെറിയ സൈനിക വിമാനത്തിലേക്ക് അദ്ദേഹത്തെ രഹസ്യമായി മാറ്റുകയായിരുന്നു.
വിമാനത്തിന്റെ ജനൽ കർട്ടനുകൾ താഴ്ത്താൻ കർശന നിർദേശം നൽകിയിരുന്നതിനാൽ മാധ്യമപ്രവർത്തകരും വൈറ്റ് ഹൗസ് ജീവനക്കാരും ട്രംപ് പഴയ വിമാനത്തിൽ തന്നെ ഉണ്ടെന്നാണ് കരുതിയത്. അമേരിക്കൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ട്രംപിനൊപ്പം ഈ ചെറിയ സൈനിക വിമാനത്തിലാണ് അതീവ രഹസ്യമായി യാത്ര തിരിച്ചത്. സുരക്ഷാ ഭീഷണിയെത്തുടർന്ന് വിമാനം മാറി യാത്ര ചെയ്തതായി പിന്നീട് ട്രംപും സ്ഥിരീകരിച്ചു. സൈന്യത്തിന്റെയും രഹസ്യാന്വേഷണ വിഭാഗത്തിന്റെയും നിർദേശപ്രകാരമാണ് തീരുമാനം എടുത്തതെന്നും, നിർണ്ണായക തീരുമാനങ്ങളെടുക്കുന്ന ഒരു പ്രസിഡന്റിന് ഇത്തരം ഭീഷണികൾ സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.