വാഷിങ്ടണ്‍ ഡിസി: വൈറ്റ് ഹൗസും പ്രമുഖ അന്താരാഷ്ട്ര മാധ്യമസ്ഥാപനങ്ങളും തമ്മിലുള്ള പോര് പുതിയ തലത്തിലേക്ക്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സിഎന്‍എന്‍, എംഎസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, വൈറ്റ് ഹൗസ് ടെലിവിഷന്‍ പ്രസ് പൂളിന്റെ ചുമതലയില്‍ നിന്ന് സിഎന്‍എന്നിനെ ഒഴിവാക്കി.
പതിവ് റൊട്ടേഷന്‍ ക്രമമനുസരിച്ച് തിങ്കളാഴ്ച വൈറ്റ് ഹൗസ് ടിവി പൂളിന്റെ ചുമതല നിര്‍വഹിക്കേണ്ടിയിരുന്നത് സിഎന്‍എന്‍ ആയിരുന്നു. യു.എന്‍. ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പ്രസിഡന്റ് ട്രംപ് ന്യൂയോര്‍ക്കിലേക്ക് തിരിക്കുമ്പോള്‍ ഒപ്പം യാത്ര ചെയ്ത് വാര്‍ത്താ ദൃശ്യങ്ങള്‍ പകര്‍ത്തി മറ്റ് മാധ്യമങ്ങള്‍ക്ക് നല്‍കേണ്ട ചുമതലയും അവര്‍ക്കായിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി പുറത്തിറക്കിയ ഔദ്യോഗിക മാധ്യമ ഷെഡ്യൂളില്‍ പ്രധാന ടിവി പൂള്‍ നെറ്റ്വര്‍ക്കായി ആരുടെയും പേര് ഉള്‍പ്പെടുത്തിയിരുന്നില്ല.
എബിസി, സിബിഎസ്, സിഎന്‍എന്‍, എന്‍ബിസി, ഫോക്സ് ന്യൂസ് എന്നീ പ്രമുഖ നെറ്റ്വര്‍ക്കുകള്‍ മാറിമാറിയാണ് വൈറ്റ് ഹൗസിന്റെ ടിവി പൂള്‍ ചുമതല ദീര്‍ഘകാലമായി കൈകാര്യം ചെയ്യുന്നത്. അതില്‍ നിന്ന് സിഎന്‍എന്നിനെ നീക്കിയ നടപടിയില്‍ മറ്റ് മാധ്യമ ശൃംഖലകളുടെ നിലപാട് വ്യക്തമായിട്ടില്ല. അതേസമയം, ഭരണഘടനാപരമായ അവകാശങ്ങള്‍ ചൂണ്ടിക്കാട്ടി വൈറ്റ് ഹൗസിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ ഫസ്റ്റ് അമെന്റ്‌മെന്റ് അടിസ്ഥാനമാക്കി നിയമനടപടിയ സ്വീകരിക്കാന്‍ മാധ്യമസ്ഥാപനങ്ങള്‍ ഒരുങ്ങുന്നതായാണ് വിവരം.
വൈറ്റ് ഹൗസും മാധ്യമങ്ങളും തമ്മിലുള്ള തര്‍ക്കം രൂക്ഷം: സിഎന്‍എന്നിനെ പ്രസ് പൂളില്‍ നിന്ന് ഒഴിവാക്കി; വന്‍ പ്രതിഷേധം