തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടന്ന സാമ്പത്തിക തട്ടിപ്പ് കേസില്‍ മുന്‍ കായികമന്ത്രി വി. അബ്ദുറഹ്മാന് വീണ്ടും തിരിച്ചടി. നിയമലംഘനങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും മന്ത്രി തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കൂടുതല്‍ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ പ്രത്യേക അന്വേഷണ സംഘത്തിന് മൊഴി നല്കി.
ടെന്‍ഡര്‍ നടപടികളില്ലാതെ സ്പോണ്‍സറെ നിശ്ചയിക്കരുതെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ് മന്ത്രി പൂര്‍ണ്ണമായും അവഗണിച്ചെന്ന് അഡീഷണല്‍ പി.എസ്. ആയിരുന്ന ജി.ആര്. രമേശ് എസ്ഐടിയോട് വ്യക്തമാക്കി. എയ്ഡഡ് കോളേജ് അധ്യാപികയെ വകുപ്പില്‍ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കിയിട്ടും മന്ത്രി അത് ചെവികൊണ്ടില്ലെന്നും, ഔദ്യോഗിക ഇമെയിലുകള്‍ കൈകാര്യം ചെയ്യാന്‍ സുഹൃത്തുകൂടിയായ ഇവര്‍ക്ക് അനുവാദം നല്‍കിയെന്നും മൊഴിയിലുണ്ട്.
കായിക വകുപ്പിലെ തീരുമാനങ്ങള്‍ മന്ത്രിയുടെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന് മുന്‍ പ്രൈവറ്റ് സെക്രട്ടറി സത്യപാലനും അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയെ സ്പോണ്‍സറാക്കാനുള്ള തീരുമാനം മന്ത്രിയുടേതായിരുന്നു. മുഖ്യസൂത്രധാരനായ ആന്റോ അഗസ്റ്റിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് ഉദ്യോഗസ്ഥര്‍ നല്കിയ സൂചനകളും അബ്ദുറഹ്മാന് തള്ളിക്കളയുകയായിരുന്നുവെന്ന് സത്യപാലന്റെ മൊഴിയിലുണ്ട്.
മെസിയുടെ പേരിലെ തട്ടിപ്പ്: അബ്ദുറഹ്മാനെ തള്ളി കൂടുതല്‍ സ്റ്റാഫംഗങ്ങള്‍; 'മുന്നറിയിപ്പുകള്‍ അവഗണിച്ചു'