ഏകതാ നഗര്‍: 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ വിതരണച്ചടങ്ങ് ഇന്ന് ഗുജറാത്തിലെ ഏകതാ നഗറില്‍ (കെവാഡിയ) നടക്കും. വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. 2024-ല്‍ സെന്‍സര്‍ ചെയ്ത സിനിമകള്‍ക്കുള്ള പുരസ്‌കാരങ്ങളാണ് വിതരണം ചെയ്യുന്നത്.
'ഭ്രമയുഗം' എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മമ്മൂട്ടിയും 'ചന്ദു ചാമ്പ്യന്‍' എന്ന സിനിമയിലെ അഭിനയത്തിന് കാര്‍ത്തിക് ആര്യനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിടും. 'എ.ആര്‍.എം' എന്ന ചിത്രത്തിലെ 'അങ്ങു വാന കോണിലു' എന്ന ഗാനം ആലപിച്ച വൈക്കം വിജയലക്ഷ്മി മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങും. 'ഭ്രമയുഗ'ത്തിന്റെ ഛായാഗ്രഹണത്തിന് ഷെഹ്നാദ് ജലാലിനും പുരസ്‌കാരം ലഭിക്കും. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ സംഭാവനകള്‍ പരിഗണിച്ച് കന്നഡ നടന്‍ അനന്ത് നാഗിന് 2024-ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം ചടങ്ങില്‍ സമ്മാനിക്കും.
ദേശീയ ചലച്ചിത്ര പുരസ്‌കാര ചരിത്രത്തില്‍ വഴിത്തിരിവാകുന്ന മാറ്റത്തിനാണ് ഇത്തവണ വേദി സാക്ഷ്യം വഹിക്കുന്നത്. 1954-ല്‍ പുരസ്‌കാരം ആരംഭിച്ചതിന് ശേഷം 1971-ല്‍ ചെന്നൈയില്‍ നടന്ന ചടങ്ങിന് പുറമേ ഇതാദ്യമായാണ് ദേശീയ തലസ്ഥാനമായ ഡല്‍ഹി വിട്ട് മറ്റൊരു സംസ്ഥാനത്തേക്ക് ചടങ്ങ് മാറ്റുന്നത്. വരും വര്‍ഷങ്ങളില്‍ വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലുമായി ചടങ്ങ് സംഘടിപ്പിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം.
72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന് ഗുജറാത്തില്‍; നാലാം പുരസ്‌കാരം ഏറ്റുവാങ്ങാന്‍ മമ്മൂട്ടി