ഫണ്ട് വിവാദത്തിൽ സിപിഎം പ്രതിരോധത്തിൽ; അണികളിലെ പുകച്ചിൽ അണയ്ക്കാൻ സിപിഎം; കണക്ക് വിശദീകരിക്കും

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിൽ പാർട്ടി പ്രതിരോധത്തിലായതോടെ, വിവാദമായ ധൻരാജ് ഫണ്ടിന്റെ കണക്കുകൾ പരസ്യപ്പെടുത്താൻ സി.പി.എം തീരുമാനിച്ചു. ആരോപണങ്ങൾ പാർട്ടിക്കുള്ളിലും അണികൾക്കിടയിലും വലിയ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് സംസ്ഥാന നേതൃത്വത്തിന്റെ കർശന നിർദ്ദേശപ്രകാരം കണക്കുകൾ പുറത്തുവിടാൻ ജില്ലാ കമ്മിറ്റി തയ്യാറാകുന്നത്. ഫെബ്രുവരി ആറിന് കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് വാർത്താ സമ്മേളനത്തിലൂടെ വരവ്-ചെലവ് കണക്കുകൾ വിശദീകരിക്കും.
കണക്കുകൾ പുറത്തേക്ക്; അണികളുടെ സംശയം തീർക്കാൻ നീക്കം
പയ്യന്നൂരിലെ സി.പി.എം പ്രവർത്തകൻ സി.വി. ധൻരാജിന്റെ കുടുംബസഹായ ഫണ്ടിൽ തിരിമറി നടന്നെന്ന പരാതി നേരത്തെ തന്നെ പാർട്ടിയെ വെട്ടിലാക്കിയിരുന്നു. ആരോപണം ഉന്നയിച്ച പയ്യന്നൂർ മുൻ ഏരിയ സെക്രട്ടറി വി. കുഞ്ഞിക്കൃഷ്ണനെതിരെ പാർട്ടി നടപടിയെടുത്തത് അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. കൃത്യമായ തെളിവുകൾ സഹിതം പരാതി നൽകിയിട്ടും ആരോപണവിധേയരെ സംരക്ഷിക്കുന്നു എന്ന പരാതി ശക്തമായതോടെയാണ്, അണികളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി കണക്കുകൾ പരസ്യമായി അവതരിപ്പിക്കാൻ പാർട്ടി നിർബന്ധിതമായത്.
കുഞ്ഞിക്കൃഷ്ണന്റെ വെളിപ്പെടുത്തലുകളും പ്രതിസന്ധിയും
പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെയാണ് ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നത്. ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നുവെന്ന് വ്യക്തമാക്കുന്ന രേഖകൾ വി. കുഞ്ഞിക്കൃഷ്ണൻ തന്റെ പുസ്തകത്തിലൂടെ പുറത്തുവിടുമെന്ന സൂചനകൾ പാർട്ടിയെ കൂടുതൽ സമ്മർദ്ദത്തിലാക്കി. കുഞ്ഞിക്കൃഷ്ണനെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രവർത്തകർ ചേരിതിരിഞ്ഞത് പയ്യന്നൂരിലെ പാർട്ടി സംവിധാനത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ ഫെബ്രുവരി ആറിലെ വാർത്താ സമ്മേളനം സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.