നിതിൻ രാജിന്‍റെ മരണത്തില്‍ പോലീസ് നടപടി വൈകുന്നതിൽ പ്രതിഷേധം; കണ്ണൂർ കമ്മീഷണർ ഓഫീസിലേക്ക് യൂത്ത് ലീഗ് മാർച്ച്

അഞ്ചരക്കണ്ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയരായ അധ്യാപകർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് പ്രവർത്തകർ നടത്തിയ മാർച്ചാണ് പോലീസുമായി ഉന്തും തള്ളും ബാരിക്കേഡ് തകർക്കാനുള്ള ശ്രമവുമായി മാറിയത്. പ്രതിഷേധം നിയന്ത്രണാതീതമായതോടെ പ്രവർത്തകരെ പിരിച്ചുവിടാൻ പോലീസ് നാല് തവണയാണ് ജലപീരങ്കി പ്രയോഗിച്ചത്.
നിതിൻ രാജിന്റെ മരണത്തിന് കാരണക്കാരായ അധ്യാപകരെ സംരക്ഷിക്കുന്ന നിലപാടാണ് അധികൃതർ സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ് ആരോപിച്ചു. കമ്മീഷണർ ഓഫീസിന് മുന്നിൽ സ്ഥാപിച്ച പോലീസ് ബാരിക്കേഡുകൾ മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് സംഘർഷം ആരംഭിച്ചത്. പോലീസിന്റെ ഭാഗത്ത് നിന്ന് പ്രകോപനപരമായ നീക്കമുണ്ടായെന്ന് ആരോപിച്ച് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കുന്നത് വരെ സമരം തുടരുമെന്നും യൂത്ത് ലീഗ് നേതൃത്വം വ്യക്തമാക്കി.
നിലവിൽ കോളേജ് അധികൃതരുടെ ഭാഗത്ത് നിന്നും പോലീസിന്റെ ഭാഗത്ത് നിന്നും കുറ്റകരമായ അനാസ്ഥയാണ് ഉണ്ടാകുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരായ അധ്യാപകരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാണ് ഇവരുടെ പ്രധാന ആവശ്യം. കണ്ണൂർ നഗരത്തിൽ ഏറെ നേരം ഗതാഗത തടസ്സവും ഈ പ്രതിഷേധത്തെ തുടർന്ന് ഉണ്ടായി.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.