18 വർഷം, അഞ്ച് ഐപിഎൽ കിരീടങ്ങൾ; സിഎസ്‌കെയിൽ നിന്ന് സ്റ്റീഫൻ ഫ്ലെമിങ് പടിയിറങ്ങുന്നു
ചെന്നൈ: ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിശീലകരിലൊരാളായ സ്റ്റീഫൻ ഫ്ലെമിങ് ചെന്നൈ സൂപ്പർ കിങ്‌സിന്റെ (സിഎസ്‌കെ) മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞു. 18 വർഷം നീണ്ട വിജയകരമായ ബന്ധത്തിനാണ് ഇതോടെ വിരാമമായത്.
ഫ്ലെമിങ്ങിന്റെ പരിശീലനത്തിന് കീഴിൽ ചെന്നൈ സൂപ്പർ കിങ്‌സ് അഞ്ച് ഐപിഎൽ കിരീടങ്ങളും രണ്ട് ചാമ്പ്യൻസ് ലീഗ് ടി20 കിരീടങ്ങളും സ്വന്തമാക്കി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമായി സിഎസ്‌കെയെ വളർത്തുന്നതിൽ ഫ്ലെമിങ്ങിന് നിർണായക പങ്കുണ്ടായിരുന്നു.
പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഫ്ലെമിങ്ങും സിഎസ്‌കെ മാനേജ്മെന്റും വേർപിരിയുന്നതെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മാതൃകാപരവും വിജയകരവുമായ കൂട്ടുകെട്ടുകളിലൊന്നാണ് ഇതോടെ അവസാനിക്കുന്നതെന്നും, ആദരവോടെയും നന്ദിയോടെയും ആണ് ഈ തീരുമാനത്തിലെത്തിയതെന്നും മാനേജ്മെന്റ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് സീസണുകളിലും കിരീടം നേടാൻ സിഎസ്‌കെയ്ക്ക് സാധിച്ചിരുന്നില്ല. 2025 സീസണിൽ അവസാന സ്ഥാനത്തായിരുന്ന ടീം, 2026 സീസണിൽ എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഇതോടെയാണ് ഫ്ലെമിങ്ങിന്റെ ഭാവിയെക്കുറിച്ചുള്ള ചർച്ചകൾ ശക്തമായത്.
അതേസമയം, ഫ്ലെമിങ് പരിശീലിപ്പിച്ച ടെക്സാസ് സൂപ്പർ കിങ്‌സ് മേജർ ലീഗ് ക്രിക്കറ്റിലും അവസാന സ്ഥാനത്തായിരുന്നു. എന്നാൽ ജോബർഗ് സൂപ്പർ കിങ്‌സ്, ടെക്സാസ് സൂപ്പർ കിങ്‌സ് ടീമുകളുടെ പരിശീലകനായി അദ്ദേഹം തുടരുമോയെന്ന കാര്യത്തിൽ സിഎസ്‌കെ ഇതുവരെ പ്രതികരിച്ചിട്ടില്ല."കായികരംഗത്ത് 18 വർഷം എന്നത് വലിയൊരു കാലയളവാണ്. നിറഞ്ഞ നന്ദിയോടെയാണ് ഞാൻ ഈ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്," എന്ന് സ്റ്റീഫൻ ഫ്ലെമിങ് പറഞ്ഞു.സിഎസ്‌കെയെ പരിശീലിപ്പിക്കാൻ കഴിഞ്ഞത് തന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നും ടീമിന്റെ നേട്ടങ്ങളിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2010, 2011, 2018, 2021, 2023 വർഷങ്ങളിൽ സിഎസ്‌കെ ഐപിഎൽ കിരീടം നേടുമ്പോൾ ടീമിന്റെ വിജയത്തിന് പിന്നിലെ പ്രധാന ശക്തിയായിരുന്നു സ്റ്റീഫൻ ഫ്ലെമിങ്. എം.എസ്. ധോനിയുമായി ചേർന്നുള്ള അദ്ദേഹത്തിന്റെ തന്ത്രങ്ങളാണ് സിഎസ്‌കെയെ 12 തവണ പ്ലേ ഓഫിലും 10 തവണ ഫൈനലിലും എത്തിക്കാൻ സഹായിച്ചത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച പരിശീലകൻ–ക്യാപ്റ്റൻ കൂട്ടുകെട്ടുകളിലൊന്നായാണ് ഫ്ലെമിങ്–ധോനി സഖ്യം വിലയിരുത്തപ്പെടുന്നത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.