2026 കോമൺവെൽത്ത് ഗെയിംസിന് നാളെ തുടക്കം; 126 അംഗ സംഘവുമായി ഇന്ത്യ, പ്രതീക്ഷകൾ നീരജ് ചോപ്രയിലും ശ്രീശങ്കറിലും
ഗ്ലാസ്‌ഗോ: ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ആവേശം അവസാനിക്കുന്നതിന് പിന്നാലെ മറ്റൊരു വമ്പൻ കായിക മാമാങ്കത്തിന് തിരിതെളിയുന്നു. 2026 കോമൺവെൽത്ത് ഗെയിംസിന് നാളെ സ്കോട്‌ലൻഡിലെ ഗ്ലാസ്‌ഗോയിൽ തുടക്കമാകും. ഓഗസ്റ്റ് 2 വരെ നീളുന്ന 23-ാമത് കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങ് നാളെ നടക്കും.ഉദ്ഘാടന ദിനത്തിൽ ബൗൾസ് മത്സരങ്ങളുടെ പ്രാഥമിക റൗണ്ടുകൾക്ക് തുടക്കമാകും. ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകളും ആദ്യദിനം തന്നെ മത്സരത്തിനിറങ്ങും. ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടിനാണ് ബൗൾസ് മത്സരങ്ങൾ നടക്കുക. തുടർന്ന് രാത്രി 10.30ന് വർണാഭമായ ഉദ്ഘാടനച്ചടങ്ങ് അരങ്ങേറും.
74 രാജ്യങ്ങളിൽ നിന്നായി 3000 താരങ്ങൾ
ഇത്തവണത്തെ കോമൺവെൽത്ത് ഗെയിംസിൽ 74 രാജ്യങ്ങളിൽ നിന്നായി ഏകദേശം 3000 താരങ്ങളാണ് പങ്കെടുക്കുന്നത്. 11 കായിക ഇനങ്ങളിലായി 215 മെഡൽ പോരാട്ടങ്ങളാണ് നടക്കുക. ഏഴ് വേദികളിലായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഗ്ലാസ്‌ഗോയിലെ ദ ഹൈഡ്രോ ആണ് പ്രധാന വേദി. ഏറെ ശ്രദ്ധേയമായ അത്‌ലറ്റിക്സ് മത്സരങ്ങൾ സ്കോട്‌സ്റ്റൗൺ സ്റ്റേഡിയത്തിലാണ് നടക്കുക. ജൂലൈ 27 മുതൽ ഓഗസ്റ്റ് 1 വരെയാണ് അത്‌ലറ്റിക്സ് മത്സരങ്ങൾ. ആദ്യ ദിനത്തിൽ തന്നെ ഒൻപത് ഫൈനലുകൾ നടക്കും. ആകെ 59 സ്വർണ മെഡൽ പോരാട്ടങ്ങളാണ് അത്‌ലറ്റിക്സിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
126 അംഗ സംഘവുമായി ഇന്ത്യ
2026 കോമൺവെൽത്ത് ഗെയിംസിനായി ഇന്ത്യ 126 അംഗ സംഘത്തെയാണ് അയക്കുന്നത്. ഇതിൽ 78 പുരുഷ താരങ്ങളും 48 വനിതാ താരങ്ങളുമുണ്ട്. ഏറ്റവും കൂടുതൽ താരങ്ങൾ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് അത്‌ലറ്റിക്സിലാണ്.
22 പുരുഷ താരങ്ങളും 10 വനിതാ താരങ്ങളും ഉൾപ്പെടെ 32 അംഗ അത്‌ലറ്റിക്സ് സംഘമാണ് ഇന്ത്യക്കായി മത്സരിക്കുക. ജാവലിൻ ത്രോ താരം നീരജ് ചോപ്ര, ലോംഗ് ജംപിലെ മലയാളി താരം എം. ശ്രീശങ്കർ, ഗുർജിന്ദർവീർ സിംഗ്, അനിമേഷ് കുജൂർ, തേജസ്വിൻ ശങ്കർ തുടങ്ങിയവരാണ് അത്‌ലറ്റിക്സിലെ പ്രധാന പ്രതീക്ഷകൾ.
കോമൺവെൽത്തിൽ മലയാളി സാന്നിധ്യം
ഇന്ത്യൻ സംഘത്തിൽ ശ്രീശങ്കർ ഉൾപ്പെടെ ഏഴ് മലയാളി താരങ്ങളാണ് ഇത്തവണ കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുന്നത്. തിരുവനന്തപുരം സായിയുടെ കീഴിൽ പരിശീലനം നേടിയ എട്ട് താരങ്ങളും ഇന്ത്യൻ സംഘത്തിലുണ്ട്.
ശ്രീശങ്കറിന് പുറമെ അൻസ ബാബ (400 മീറ്റർ), നീന്തൽ താരം സജൻ പ്രകാശ്, പാരാ അത്‌ലറ്റിക്സിലെ മുഹമ്മദ് ബാസിൽ, ജിംനാസ്റ്റിക്സിലെ കെ.പി. സ്വാതിഷ് എന്നിവരാണ് ഇന്ത്യൻ സംഘത്തിലെ മലയാളികൾ. തിരുവനന്തപുരം സായിയിൽ പരിശീലനം നേടിയ ശ്രീശങ്കർ, അൻസ, നീരു പടക്ക്, സന്തോഷ് കുമാർ, രഷ്ദീപ് കുമാർ, രാജേഷ് രമേഷ്, ടി.കെ. വിശാൽ, മുഹമ്മദ് ബാസിൽ എന്നിവരും ഇന്ത്യയുടെ മെഡൽ പ്രതീക്ഷകളാണ്.
കോമൺവെൽത്ത് ജിംനാസ്റ്റിക്സിൽ ചരിത്രം കുറിച്ച് സ്വാതിഷ്
കോമൺവെൽത്ത് ഗെയിംസ് ജിംനാസ്റ്റിക്സിന് യോഗ്യത നേടുന്ന ആദ്യ മലയാളിയെന്ന നേട്ടം കണ്ണൂർ കൂത്തുപറമ്പ് സ്വദേശിയായ കെ.പി. സ്വാതിഷിന് സ്വന്തമാണ്. ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ദേശീയ സ്വർണം നേടുന്ന ആദ്യ മലയാളി താരമെന്ന നേട്ടവും സ്വാതിഷ് സ്വന്തമാക്കിയിട്ടുണ്ട്.
2022ൽ ഇന്ത്യയ്ക്ക് 61 മെഡലുകൾ
2022ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 22 സ്വർണം, 16 വെള്ളി, 23 വെങ്കലം ഉൾപ്പെടെ 61 മെഡലുകളാണ് സ്വന്തമാക്കിയത്. ഇത്തവണയും മികച്ച പ്രകടനമാണ് ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നത്.അടുത്ത കോമൺവെൽത്ത് ഗെയിംസ് 2030ൽ അഹമ്മദാബാദിലാണ് നടക്കുക. 2026 ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ പുതിയ നേട്ടങ്ങൾ സ്വന്തമാക്കുമെന്ന പ്രതീക്ഷയിലാണ് കായികലോകം.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.