ഇന്ധനവില അടിയന്തര പ്രമേയത്തിൽ പ്രതിപക്ഷത്തിന് തിരിച്ചടി; "നികുതി കുറയ്ക്കുന്നത് മണ്ടത്തരമെന്ന് പറഞ്ഞവർ ഇപ്പോൾ കപടവാദം ഉന്നയിക്കുന്നു"; സഭയിൽ ആഞ്ഞടിച്ച് മുഖ്യമന്ത്രി; പ്രതിപക്ഷം ഇറങ്ങിപ്പോയി
തിരുവനന്തപുരം: കഴിഞ്ഞ ഇടതു സർക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥത അക്കമിട്ട് നിരത്തിക്കൊണ്ട് പ്രതിപക്ഷം കൊണ്ടുവന്ന വിലക്കയറ്റത്തിനെതിരെയുള്ള ആദ്യ അടിയന്തര പ്രമേയം നിയമസഭയിൽ ഭരണപക്ഷം ശക്തമായി നേരിട്ടു. ഇന്ധനവില വർദ്ധനവിലൂടെ സംസ്ഥാനത്തിന് ലഭിക്കുന്ന നികുതി വിഹിതം ഒഴിവാക്കി വിലക്കയറ്റം പിടിച്ചുനിർത്തണമെന്ന വാദമുഖവുമായാണ് മുൻ ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാൽ അടിയന്തര പ്രമേയ നോട്ടീസുമായി സഭയിലെത്തിയത്.
എന്നാൽ, മുൻ ഇടത് സർക്കാരിന്റെ കാലത്തെ ധനനയങ്ങളിലെ ഇരട്ടത്താപ്പ് കൃത്യമായി തുറന്നുകാട്ടിക്കൊണ്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇതിനെ പ്രതിരോധിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇന്ധനവില വർദ്ധനവിലൂടെ 3,100 കോടി രൂപയുടെ അധിക വരുമാനം ലഭിച്ചിട്ടും ജനങ്ങൾക്ക് ഒരു രൂപ പോലും കുറച്ചുനൽകാൻ ഇടതുമുന്നണി തയ്യാറായിരുന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അന്ന് ‘നികുതി കുറയ്ക്കുന്ന മണ്ടത്തരത്തിന് തങ്ങളില്ല’ എന്ന് മുൻ ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ പറഞ്ഞ വാചകം ഉൾപ്പെടെ ഉദ്ധരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
വില വർദ്ധനവ് തടയുക എന്നതിനാണ് നിലവിലെ സർക്കാർ പ്രഥമ പരിഗണന നൽകുന്നതെന്ന് മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കഴിഞ്ഞ സർക്കാരിന്റെ വീഴ്ചകൾ പരിഹരിച്ച് കേരളത്തെ സാമ്പത്തികമായി വീണ്ടെടുക്കുമെന്നും, സംസ്ഥാനത്തിന്റെ യഥാർത്ഥ സാമ്പത്തിക ചിത്രം വ്യക്തമാക്കുന്ന ധവളപത്രം ഉടൻ തന്നെ സഭയിൽ അവതരിപ്പിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ പാചകവാതക കരിഞ്ചന്ത നിയന്ത്രിക്കുന്നതിന് അതിശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ കൃത്യമായ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് പുറത്തുപോയി. വിലക്കയറ്റത്തിലും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലും കേരളത്തെ എത്തിച്ച ഇടതുമുന്നണി, അതിനെതിരെ സഭയിൽ കൊണ്ടുവന്ന ആദ്യ പ്രമേയത്തിൽ തന്നെ തിരിച്ചടിയേറ്റ് മടങ്ങുന്ന കാഴ്ചയ്ക്കാണ് നിയമസഭ സാക്ഷ്യം വഹിച്ചത്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.