കേരളത്തിൽ മഴ വീണ്ടും ശക്തമാകും; ഇന്ന് 8 ജില്ലകളിലും നാളെ 6 ജില്ലകളിലും യെല്ലോ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകാൻ സാധ്യത കണക്കിലെടുത്ത് ഇന്ന് എട്ട് ജില്ലകളിലും നാളെ ആറ് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ‘ശക്തമായ മഴ’യായി കണക്കാക്കുന്നത്. മുന്നറിയിപ്പുള്ള ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഈ തോതിൽ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം.
പശ്ചിമ ബംഗാൾ–ബംഗ്ലാദേശ്–വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മേഖലയിലുണ്ടായിരുന്ന ന്യൂനമർദം പശ്ചിമ ബംഗാൾ തീരത്തിന് മുകളിൽ തീവ്ര ന്യൂനമർദമായി ശക്തിപ്രാപിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ഗംഗാതട പശ്ചിമ ബംഗാളിലൂടെയും ഝാർഖണ്ഡിലൂടെയും സഞ്ചരിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തൽ.
ഈ കാലാവസ്ഥാ സംവിധാനത്തിന്റെ സ്വാധീനഫലമായി അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.