Logo
Wed, Jul 08, 2026 • 08:25 PM
LIVE TV
Watch

No business videos available

No Middle East videos available

'മോദി സര്‍ക്കാര്‍ ഉറങ്ങുകയാണ്, വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാടിന് ഒരു വിലയുമില്ല'; ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 08, 2026
1 min read
SHARE:
SAVE: Login to save

'മോദി സര്‍ക്കാര്‍ ഉറങ്ങുകയാണ്, വിദ്യാര്‍ത്ഥികളുടെ കഷ്ടപ്പാടിന് ഒരു വിലയുമില്ല'; ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

നീറ്റ് പരീക്ഷാ വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെ കഴിഞ്ഞ ആഴ്ച നടന്ന യുജിസി-നെറ്റ് പരീക്ഷയിലും വന്‍ ചോദ്യപേപ്പര്‍ ചോര്‍ച്ചയെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. നീറ്റ് പരീക്ഷാ വിവാദങ്ങള്‍ക്ക് തൊട്ടുപിന്നാലെയാണ് നെറ്റ് പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായുള്ള നിര്‍ണ്ണായക വിവരങ്ങള്‍ രാഹുല്‍ ഗാന്ധി എക്‌സിലൂടെ പുറത്തുവിട്ടത്. പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ആവര്‍ത്തിച്ച് പരാതികള്‍ ഉയര്‍ന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ദേശീയ പരീക്ഷാ ഏജന്‍സിയുടെ പക്കല്‍ മാത്രം ഉണ്ടാകാന്‍ സാധ്യതയുള്ള ചോദ്യപേപ്പര്‍ തയാറാക്കലുമായി ബന്ധപ്പെട്ട 100 പേജുള്ള രഹസ്യ പിഡിഎഫ് ഫയല്‍ പരീക്ഷയ്ക്ക് തൊട്ടുമുന്‍പ് പ്രചരിച്ചതായി രാഹുല്‍ അവകാശപ്പെട്ടു. ഇതിലെ തൊണ്ണൂറോളം ചോദ്യങ്ങള്‍ യഥാര്‍ഥ സോഷ്യോളജി ചോദ്യപേപ്പറുമായി കൃത്യമായി ഒത്തുപോകുന്നവയാണ്. ബിഹാര്‍, ഉത്തര്‍പ്രദേശ്, ഹരിയാന, ഡല്‍ഹി, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ഈ ചോദ്യപേപ്പര്‍ 2.25 ലക്ഷം രൂപയ്ക്കാണ് വിറ്റഴിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

നിലവിലെ പരീക്ഷകള്‍ മാത്രമല്ല, വരാനിരിക്കുന്ന സിഎസ്‌ഐആര്‍-നെറ്റ്, എച്ച്ടിഇടി, എഡിഎ പരീക്ഷകളുടെ ചോദ്യപേപ്പറുകളും ചോര്‍ത്തി നല്‍കാമെന്ന് ഇതേ മാഫിയ സംഘം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരവും രാഹുല്‍ ഗാന്ധി പങ്കുവെച്ചു. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്ത് എഴുതുന്ന പരീക്ഷകളുടെ വിശ്വാസ്യതയാണ് ഇതിലൂടെ തകരുന്നതെന്നും അദ്ദേഹം ചൂണ്ടികാട്ടി. 

ഇത്രയും വലിയ പരീക്ഷാ അട്ടിമറി നടന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ കണ്ണടച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയില്‍ നിന്നോ വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നോ ഈ വിഷയത്തില്‍ ഉത്തരവാദിത്തമുള്ള നടപടിയോ കൃത്യമായ അന്വേഷണമോ വിദ്യാര്‍ത്ഥികള്‍ക്ക് നീതിയോ പ്രതീക്ഷിക്കേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസ മേഖലയിലെ ഈ തകര്‍ച്ചയ്‌ക്കെതിരെ രാജ്യത്തെ വിദ്യാര്‍ത്ഥി സമൂഹം ഒന്നിച്ച് ശബ്ദമുയര്‍ത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

രാഹുല്‍ ഗാന്ധി എക്സില്‍ പങ്കുവെച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം;

''നീറ്റ് പരീക്ഷാ ചോര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ യുജിസി നെറ്റുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാര്‍ത്തകള്‍ തികച്ചും ഞെട്ടിക്കുന്നതാണ്. ലക്ഷക്കണക്കിനു വിദ്യാര്‍ഥികള്‍ രാപ്പകലില്ലാതെ കഷ്ടപ്പെട്ട് പഠിച്ചതിനൊന്നും മോദി സര്‍ക്കാരിന്റെ കണ്ണില്‍ യാതൊരു വിലയുമില്ല. നീറ്റ്, നെറ്റ് പരീക്ഷകളില്‍ തുടര്‍ച്ചയായി അഴിമതികള്‍ നടന്നിട്ടും സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. പ്രധാനമന്ത്രിയില്‍ നിന്നോ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നോ ഉത്തരവാദിത്തമുള്ള നിലപാടോ നടപടിയോ പ്രതീക്ഷിച്ചിട്ട് കാര്യമില്ലെന്ന് രാജ്യം മുഴുവന്‍ അറിയാം. കൃത്യമായ അന്വേഷണമോ വിദ്യാര്‍ഥികള്‍ക്ക് നീതിയോ ലഭിക്കില്ല. ഇനി രാജ്യത്തെ വിദ്യാര്‍ഥികളുടെ കൂട്ടായ ശബ്ദം മാത്രമാണ് മാറ്റത്തിനുള്ള ഏക വഴി. അത് ഇന്ത്യയില്‍ ഒരു വിദ്യാഭ്യാസ വിപ്ലവത്തിനു വഴിയൊരുക്കും'' - രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10