നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച: വീഴ്ച സമ്മതിച്ച് എന്‍ടിഎ, പുനഃപരീക്ഷ ജൂണ്‍ 21-ന്
രാജ്യത്തെ പ്രമുഖ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിന്റെ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഒടുവില്‍ വീഴ്ച സമ്മതിച്ച് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വ്യക്തത വരുത്തുന്നതിനായി എന്‍ടിഎയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടു. വ്യാഴാഴ്ച നടന്ന യോഗത്തില്‍ എന്‍ടിഎ ഡയറക്ടര്‍, ചെയര്‍പേഴ്സണ്‍, ഉന്നത വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി എന്നിവരടങ്ങുന്ന ഉന്നത ഉദ്യോഗസ്ഥരെ സമിതി നേരിട്ട് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് രാജ്യത്തുടനീളം വലിയ ജനരോഷവും വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളും ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ലമെന്ററി സമിതി അടിയന്തരമായി ഇടപെട്ടത്. കോണ്‍ഗ്രസ് എംപി ദിഗ്വിജയ് സിങ് അധ്യക്ഷനായ സമിതിയാണ് ഉദ്യോഗസ്ഥരില്‍ നിന്നും വിശദീകരണം തേടിയത്. വരും ദിവസങ്ങളില്‍ എന്‍ടിഎ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കര്‍ശന നടപടികളിലേക്ക് സമിതി കടക്കുമെന്നാണ് സൂചന
മൂന്ന് മണിക്കൂറോളം നീണ്ടുനിന്ന കടുത്ത ചോദ്യംചെയ്യലിനൊടുവിലാണ് പരീക്ഷാ നടത്തിപ്പില്‍ തങ്ങള്‍ക്ക് വീഴ്ച സംഭവിച്ചതായി എന്‍ടിഎ ഔദ്യോഗികമായി സമ്മതിച്ചത്. കുറ്റമറ്റ രീതിയില്‍ പരീക്ഷ പൂര്‍ത്തിയാക്കാനാണ് ഏജന്‍സി ശ്രമിച്ചതെങ്കിലും, സുരക്ഷാ മാനദണ്ഡങ്ങളില്‍ പാളിച്ചകള്‍ ഉണ്ടായതായും എന്‍ടിഎ അധികൃതര്‍ സമിതിയെ അറിയിച്ചു.തങ്ങളുടെ ഭാഗത്തുനിന്നുണ്ടായ തെറ്റുകള്‍ അംഗീകരിച്ച എന്‍ടിഎ, ഇനി നടക്കാനിരിക്കുന്ന നീറ്റ് പുനഃപരീക്ഷയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കില്ലെന്ന് സമിതിക്ക് ഉറപ്പുനല്‍കി. പുനഃപരീക്ഷ തികച്ചും സുതാര്യവും കുറ്റമറ്റതുമായ രീതിയില്‍ നടത്തുന്നതിനായി വിപുലമായ സുരക്ഷാ ക്രമീകരണങ്ങളും പുതിയ നടപടികളും ഇതിനകം തന്നെ സ്വീകരിച്ചു തുടങ്ങിയതായും ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു.
പരീക്ഷയ്ക്ക് മുന്‍പ് പുറത്തായ ചോദ്യപേപ്പറില്‍ നിന്നുള്ള 120 ചോദ്യങ്ങള്‍ യഥാര്‍ത്ഥ ചോദ്യപേപ്പറിലും വന്നിരുന്നതായി രാജസ്ഥാന്‍ പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പ് കണ്ടെത്തിയിരുന്നു. പരീക്ഷ കഴിഞ്ഞ് നാല് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ ഗുരുതരമായ ക്രമക്കേടുകള്‍ പുറത്തുവന്നത്. ഇതേത്തുടര്‍ന്ന് മേയ് 3-ലെ പരീക്ഷ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഔദ്യോഗികമായി റദ്ദാക്കിയിരുന്നു.വ്യാപകമായ അട്ടിമറി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജൂണ്‍ 21-ന് നീറ്റ് യുജി പുനഃപരീക്ഷ നടത്താന്‍ എന്‍ടിഎ തീരുമാനിച്ചിട്ടുണ്ട്.
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.