ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെ നേതാക്കളും മാധ്യമപ്രവർത്തകരും ഉൾപ്പെടെയുള്ളവരെ കൂട്ടത്തോടെ കസ്റ്റഡിയിലെടുത്ത പോലീസ് നടപടിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ സംഘടന. കസ്റ്റഡിയിലെടുത്ത മുഴുവൻ ആളുകളെയും ഉടൻ മോചിപ്പിക്കണമെന്ന് യുഎൻ ഹ്യൂമൻ റൈറ്റ്സ് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ജനാധിപത്യ പാരമ്പര്യത്തിനും അന്താരാഷ്ട്ര മനുഷ്യാവകാശ ബാധ്യതകൾക്കും അനുസൃതമായിരിക്കണം നിയമപാലകസേനകളുടെ നടപടികളെന്ന് യുഎൻ ഹ്യൂമൻ റൈറ്റ്സ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
സമാധാനപരമായി ഒത്തുചേരാനും പ്രതിഷേധിക്കാനുമുള്ള അവകാശം പൂർണമായി മാനിക്കപ്പെടുന്നുവെന്ന് ഇന്ത്യൻ അധികൃതർ ഉറപ്പാക്കണം. സമാധാനപരമായ പ്രതിഷേധങ്ങൾക്ക് ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങൾ അനിവാര്യതയുടെയും ആനുപാതികതയുടെയും കർശനമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം. സമാധാനപരമായി പ്രതിഷേധിക്കുന്നവരോട് നിയമപാലകസേനകൾ പരമാവധി സംയമനം പാലിക്കണം. അനിയന്ത്രിതമായും നിയമവിരുദ്ധമായും കസ്റ്റഡിയിലെടുത്ത എല്ലാവരെയും ഉപാധികളില്ലാതെ ഉടൻ വിട്ടയക്കണം. പ്രതിഷേധങ്ങളിലൂടെ ഉയർന്നുവന്ന പൊതുജനങ്ങളുടെ വ്യാപകമായ ആശങ്കകൾ പരിഹരിക്കാൻ അധികൃതർ ചർച്ചകൾക്ക് മുൻകൈയെടുക്കണമെന്നും യുഎന്‍ മനുഷ്യാവകാശ സംഘടന ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത നാലായിരത്തോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജന്തർ മന്തറിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ഡൽഹി പോലീസ് അനുമതി നിഷേധിച്ചതിനെത്തുടർന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കുകയായിരുന്നു. സി.ജെ.പി കൺവീനർ അഭിജീത് ദീപ്കെ, സഹപ്രവർത്തകരായ സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവരെ പോലീസ് വിമാനത്തിനുള്ളിൽ കയറി നാടകീയ നീക്കത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്. യൂട്യൂബർ ധ്രുവ് റാഠിയെ പുലർച്ചെ ഏഴരയോടെ ഗുരുഗ്രാമിലെ വസതിയിൽ നിന്നെത്തി പോലീസ് കസ്റ്റഡിയിലെടുത്തു.
സമരത്തിന് പിന്തുണ പ്രഖ്യാപിച്ചെത്തിയ മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കെജ്രിവാൾ, മമതാ ബാനർജി, മണിക്ക് സർക്കാർ എന്നിവരെയും പോലീസ് കസ്റ്റഡിയിലെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് പ്രവർത്തകരെ ഡൽഹിയിൽ കാലുകുത്തിയ ഉടൻ തന്നെ പോലീസ് തടങ്കലിലാക്കുകയായിരുന്നു.
അതേസമയം ഡല്‍ഹി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്തെത്തി. മോദിയും ഷായും ഭീരുക്കളാണെന്നും യുവാക്കളെ ഓർത്ത് അഭിമാനമുണ്ടെന്നും രാഹുല്‍ ഗാന്ധി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.