ചെന്നൈ: ഡൽഹിയിൽ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ശക്തമാകുന്നതിനിടെ, രാഹുൽ ഗാന്ധി തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി.
ചെന്നൈയിലെ പലവാക്കത്തുള്ള കോഫി ഷോപ്പിൽ നിന്നുള്ള ഇരുവരുടെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളില്‍ ചർച്ചയാവുകയാണ്. നേരത്തെ വിജയ്‌യുടെ നീലാങ്കരയിലെ വസതിയിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. ചെന്നൈയിൽ വച്ച് നടത്തുന്ന 'ഛത്രോം കീ ഗൂഞ്ച്' പരിപാടിയിൽ പങ്കെടുക്കാനാണ് രാഹുൽ തമിഴ്നാട്ടിലെത്തിയത്.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ വിജയ് ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമോ എന്ന ചർച്ചയും ഇതോടെ സജീവമായി. ഒക്ടോബർ ആദ്യം ഇന്ത്യാ സഖ്യത്തിൽ ചേർന്ന ടിവികെ, തിരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിക്കുമെതിരായ പ്രതിഷേധത്തിൽ പങ്കാളികളാകുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 13, 14 തീയതികളിൽ തമിഴ്‌നാട്ടിലെ ജില്ലാ ആസ്ഥാനങ്ങളിലും 15 ന് ചെന്നൈയിലും പ്രതിഷേധം സംഘടിപ്പിക്കും.