ന്യൂഡല്‍ഹി: മുതിർന്ന കോൺഗ്രസ് നേതാവും എ.ഐ.സി.സി മുന്‍ ജനറൽ സെക്രട്ടറിയുമായ ദീപക് ബാബരിയ (75) അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയിലായിരുന്നു അന്ത്യം. മുതിർന്ന നേതാവിന്റെ വിയോഗത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ അനുശോചിച്ചു.
ബാബരിയയുടെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്ന് രാഹുല്‍ ഗാന്ധി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുമായി അടുത്ത ബന്ധമുണ്ടായിരുന്ന ബാബരിയ 2023-ൽ ഹരിയാനയുടെയും ഡൽഹിയുടെയും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയായിരുന്നു.
"സംഘടനയോടുള്ള അദ്ദേഹത്തിന്റെ സമർപ്പണവും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള സംഭാവനയും എപ്പോഴും ഓർമ്മിക്കപ്പെടും. ഈ പ്രയാസകരമായ ഘട്ടത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും അനുയായികൾക്കും എന്റെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ദീപക് ജിക്ക് ആദരാഞ്ജലികള്‍." - രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു.
ബാബരിയയുടെ വിയോഗം അപരിഹാര്യമായ നഷ്ടമാണെന്ന് പ്രിയങ്കാ ഗാന്ധിയും രണ്‍ദീപ് സുർജെവാലയും ഉള്‍പ്പെടെയുള്ള നേതാക്കള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.