ന്യൂഡൽഹി: ജന്തർ മന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്തിയ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ഡൽഹി പോലീസ് വിരട്ടാനും ക്രൂരമായി അടിച്ചമർത്താനുമാണ് ശ്രമിച്ചതെന്ന് കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ. രാഹുൽ ഗാന്ധിയെ കസ്റ്റഡിയിൽ പാർപ്പിച്ചിരുന്ന ഡൽഹി ബാരഖംബ പോലീസ് സ്റ്റേഷന് മുന്നിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ കാണാൻ എത്തിയ തങ്ങളെ ആദ്യം പോലീസ് തടയുകയായിരുന്നു. "കാണാൻ അനുവാദം തന്നില്ലെങ്കിൽ ഞങ്ങളെയും അറസ്റ്റ് ചെയ്യൂ" എന്ന് ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് പോലീസിന് വഴങ്ങേണ്ടി വന്നതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
പോലീസ് നടപടിയൊന്നും രാഹുൽ ഗാന്ധിയുടെ വീര്യത്തെ തളർത്തിയിട്ടില്ലെന്നും നൂറിരട്ടി ആവേശത്തോടെയാണ് അദ്ദേഹം സമരമുഖത്തുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ കോടിക്കണക്കിന് ജനാധിപത്യ വിശ്വാസികൾക്കാണ് രാഹുൽ ഗാന്ധി ഈ പോരാട്ടത്തിലൂടെ ഊർജ്ജവും ആവേശവും പകരുന്നത്. വോട്ടർപട്ടിക അട്ടിമറിച്ചും തിരഞ്ഞെടുപ്പ് പ്രക്രിയകളിൽ ക്രമക്കേട് നടത്തിയുമാണ് ബി.ജെ.പി വിവിധ സംസ്ഥാനങ്ങളിൽ ഭരണം കൈയാളുന്നത്. രാജ്യത്തിന്റെ നഷ്ടപ്പെട്ട ജനാധിപത്യം തിരിച്ചുകൊണ്ടുവരാനാണ് കോൺഗ്രസ് നേതൃത്വത്തിൽ ഈ പോരാട്ടം നടക്കുന്നത്.
പ്രതിപക്ഷ നേതാവിനുപോലും സ്വതന്ത്രമായി പ്രതിഷേധിക്കാൻ അവകാശമില്ലാത്ത വിധം രാജ്യത്ത് ജനാധിപത്യധ്വംസനമാണ് നടക്കുന്നത്. കോൺഗ്രസ് നടത്തുന്ന ഈ സമരം ചരിത്രത്തില്‍ രേഖപ്പെടുത്തും. ഡൽഹിയിലെ ഈ പോരാട്ടത്തിന് കേരളത്തിന്റെയും യു.ഡി.എഫ് സർക്കാരിന്റെയും പൂർണ്ണ പിന്തുണയുണ്ടെന്നും ചരിത്രപരമായ ഈ സമരത്തിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു