തൃശൂർ: വോട്ടർപട്ടിക അട്ടിമറിച്ചും വോട്ട് കവർച്ച നടത്തിയുമൊക്കെ ജനാധിപത്യ കൊലപാതകം നടത്തുന്നവരിൽ നിന്ന് രാഹുൽ ഗാന്ധി രാജ്യത്തെ വീണ്ടെടുക്കുമെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ്. ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനവും പാരമ്പര്യവുമാണ് കേന്ദ്ര സർക്കാരിന്റെ ഈ വോട്ട് കൊള്ളയിലൂടെ നഷ്ടപ്പെട്ടത്. ഭരണഘടനയെ ഇല്ലായ്മ ചെയ്തും ജനങ്ങളെ വെട്ടിമുറിച്ചും നേടിയ അധികാരത്തിന് അധികകാലം നിലനിൽപ്പില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ഭരണഘടനയെ ജീവശ്വാസമായി കരുതുന്ന കോടിക്കണക്കിന് മനുഷ്യരുടെ പൂർണ്ണ പിന്തുണയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഈ ചരിത്ര പോരാട്ടത്തിനുള്ളതെന്നും അഡ്വ. ജോസഫ് ടാജറ്റ് വ്യക്തമാക്കി. ഡൽഹിയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എ.ഐ.സി.സി, സംസ്ഥാന നേതാക്കളെ പോലീസ് മൃഗീയമായി അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് തൃശൂർ ഡി.സി.സി (DCC) സംഘടിപ്പിച്ച വമ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡി.സി.സി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി തെക്കേഗോപുര നടയിൽ സമാപിച്ചു. കോൺഗ്രസ് നേതാക്കളായ ടി.വി. ചന്ദ്രമോഹൻ, കെ.ബി. ശശികുമാർ, സിജോ കടവിൽ, ബൈജു വർഗീസ്, കെ.എച്ച്. ഉസ്മാൻ ഖാൻ, പി. ശിവശങ്കരൻ, കെ. ഗിരീഷ് കുമാർ, ഫ്രാൻസിസ് ചാലിശ്ശേരി, കെ.പി. രാധാകൃഷ്ണൻ, ഹാപ്പി മാത്തായി, ജേക്കബ് പൂലിക്കോട്ടിൽ, ബഷീർ അഹമ്മദ്, കെ. സുരേഷ്, ടോം ആന്റണി, നിഖിൽ സതീശൻ, കെ. ഗോപാലകൃഷ്ണൻ, കെ. സുമേഷ്, വില്ലി ജിജോ, മേഴ്സി അജി, ശാരി കിഷോർ കുമാർ, ഷിബു പൊറത്തൂർ എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.