തൃശൂർ: സംസ്ഥാന സ്കൂൾ കായികമേളയുടെ നീന്തൽ മത്സരങ്ങൾക്കിടെ തൃശൂർ അക്വാറ്റിക്സ് കോംപ്ലക്സിൽ താൽക്കാലിക പന്തൽ കാറ്റിൽ തകർന്നുവീണ സംഭവത്തിൽ കായിക വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. കായികവകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ആണ് അന്വേഷണ ഉത്തരവിട്ട കാര്യം അറിയിച്ചത്.
സംഭവം നടന്നതിന്റെ അടുത്ത ദിവസം തന്നെ അന്വേഷണം സംബന്ധിച്ച ഉത്തരവ് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്തിന് കൈമാറിയതായി മന്ത്രി വ്യക്തമാക്കി.
തൃശൂരിലുണ്ടായ അപകടത്തിലെ പാളിച്ചകളെക്കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം, ഭാവിയിൽ കായിക മേളകൾ സംഘടിപ്പിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളും നടപടിക്രമങ്ങളും പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാനാണ് സ്പെഷ്യൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.