കർക്കടകവാവ് ബലിതർപ്പണത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ക്ഷേത്രങ്ങളിലും നദീതീരങ്ങളിലും കടലോരങ്ങളിലും വൻതോതിൽ ഭക്തജനങ്ങൾ എത്താൻ സാധ്യതയുള്ളതിനാൽ സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ജില്ലാ ഭരണകൂടം. നിലവിലെ പ്രതികൂല കാലാവസ്ഥയും ശക്തമായ മഴ മുന്നറിയിപ്പും മുൻനിർത്തിയാണ് ജില്ലാ കളക്ടർ അനു കുമാരി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ശക്തമായ നീരൊഴുക്കും ഉയർന്ന തിരമാലകളും കണക്കിലെടുത്ത് പുഴകളിലും നദികളിലും കടലിലും ഇറങ്ങിയുള്ള ബലിതർപ്പണം കർശനമായി നിരോധിച്ചു.
കരയിലെ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കണം; ജാഗ്രത പാലിക്കാൻ നിർദ്ദേശം
ശക്തമായ കാറ്റും ഒഴുക്കും ഉള്ളതിനാൽ ആരും ജലാശയങ്ങളിൽ ഇറങ്ങരുതെന്നും, തർപ്പണ ചടങ്ങുകൾക്കായി കരയിൽ പ്രത്യേകം തയ്യാറാക്കിയ തടികൊണ്ടുള്ള പ്ലാറ്റ്‌ഫോമുകളോ സുരക്ഷിതമായ മറ്റ് സൗകര്യങ്ങളോ മാത്രം ഉപയോഗിക്കണമെന്നും നിർദ്ദേശമുണ്ട്. ജനത്തിരക്ക് നിയന്ത്രിക്കാൻ റവന്യൂ, പോലീസ്, ഫയർഫോഴ്‌സ്, സന്നദ്ധ പ്രവർത്തകർ എന്നിവരെ കടവുകളിൽ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ നിർദ്ദേശങ്ങൾ ഭക്തജനങ്ങൾ കർശനമായി പാലിക്കണം.
ലൈഫ് ഗാർഡുകളും ദുരന്തനിവാരണ സേനയും സജ്ജം
തർപ്പണ കേന്ദ്രങ്ങളിൽ അപകടസാധ്യത ഒഴിവാക്കാൻ ദുരന്തനിവാരണ സേനയെയും ലൈഫ് ഗാർഡുകളെയും സജ്ജമാക്കിയിട്ടുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും സുരക്ഷയിൽ ഭക്തർ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും, അടിയന്തര സാഹചര്യങ്ങളുണ്ടായാൽ ഉടൻ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.