വിജയ് സേതുപതി–പുരി ജഗന്നാഥ് ചിത്രം ‘സ്ലം ഡോഗ്’; തബുവിന്റെ ഗൗരി ഹെഗ്ഡെ എത്തുന്നു, ഗ്ലിമ്പ്സ് വീഡിയോ പുറത്ത്
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി തെലുങ്കിലെ ഹിറ്റ് മേക്കർ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘സ്ലം ഡോഗ്’ ശ്രദ്ധ നേടുന്നു. ചിത്രത്തിൽ നടി തബു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിമ്പ്സ് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഗൗരി ഹെഗ്ഡെ എന്ന കഥാപാത്രമായാണ് തബു ചിത്രത്തിലെത്തുന്നത്. ‘33 ടെംപിൾ റോഡ്’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ.
ചിത്രത്തിൽ ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണറായാണ് തബു വേഷമിടുന്നത്. ധൈര്യശാലിയും ആത്മവിശ്വാസമുള്ളതുമായ, കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്ന ശക്തമായ ഉദ്യോഗസ്ഥയായാണ് ഗൗരി ഹെഗ്ഡെയെ ഗ്ലിമ്പ്സ് വീഡിയോയിൽ അവതരിപ്പിച്ചിരിക്കുന്നത്. തന്റേടവും ആജ്ഞാശക്തിയും നിറഞ്ഞ കഥാപാത്രമായി തബു എത്തുന്നതിന്റെ സൂചനകളാണ് വീഡിയോ നൽകുന്നത്. നേരത്തെ ചിത്രത്തിന്റെ ടീസറും പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകർ ഇതുവരെ കണ്ടിട്ടില്ലാത്ത വ്യത്യസ്തമായ മാസ്-സ്റ്റൈലിഷ് ലുക്കിലാണ് വിജയ് സേതുപതിയെ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അന്ധനായ കഥാപാത്രത്തിന്റെ ഗെറ്റപ്പിലും മറ്റൊരു ലുക്കിലുമുള്ള താരത്തിന്റെ പ്രകടനം ടീസറിൽ ശ്രദ്ധ നേടിയിരുന്നു. ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾ ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്നാണ് സൂചന.
ചേരികളിൽ ജീവിക്കുന്നവരുടെ ജീവിതവുമായി ബന്ധപ്പെട്ട പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നതെന്നാണ് റിപ്പോർട്ടുകൾ. ആക്ഷൻ, ഇമോഷൻ, മാസ് ഘടകങ്ങൾ, സംഗീതം, കോമഡി എന്നിവയ്ക്ക് പ്രാധാന്യം നൽകി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് പുരി ജഗന്നാഥ് ‘സ്ലം ഡോഗ്’ ഒരുക്കുന്നത്. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും പുരി ജഗന്നാഥ് തന്നെയാണ് നിർവഹിക്കുന്നത്.തബുവിനൊപ്പം കന്നഡ താരം വിജയ് കുമാറും ചിത്രത്തിൽ നിർണായക വേഷത്തിലെത്തുന്നു. നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് വിജയ് കുമാർ അവതരിപ്പിക്കുന്നത്. സറീന വഹാബ്, ബ്രഹ്മാജി, വി.ടി.വി. ഗണേഷ് എന്നിവരും താരനിരയിലുണ്ട്. സംയുക്തയാണ് ചിത്രത്തിലെ നായിക.
പുരി ജഗന്നാഥും ചാർമി കൗറും ചേർന്ന് പുരി കണക്ട്സ് ബാനറിലും ജെ.ബി. നാരായൺ റാവു കൊണ്ട്രോള്ള ജെ.ബി. മോഷൻ പിക്ചേഴ്സ് ബാനറിലും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ ഹർഷവർധൻ രാമേശ്വർ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. അർജുൻ റെഡ്ഡി, കബീർ സിംഗ്, അനിമൽ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീതസംവിധായകനാണ് ഹർഷവർധൻ രാമേശ്വർ.
സാം കെ. നായിഡുവാണ് ഛായാഗ്രഹണം. സന്തോഷ് നൂസില എഡിറ്റിംഗും ആശിഷ് തേജ, ജോണി ഷെയ്ഖ് എന്നിവർ കലാസംവിധാനവും നിർവഹിക്കുന്നു. ജിതൻ ശർമയാണ് കോ ഡയറക്ടർ. അനിൽ പാദുരിയാണ് വി.എഫ്.എക്സ് വിഭാഗം കൈകാര്യം ചെയ്യുന്നത്. വിഷു റെഡ്ഡിയാണ് സി.ഇ.ഒ. ഹാഷ്ടാഗ് മീഡിയയാണ് മാർക്കറ്റിംഗ് നിർവഹിക്കുന്നത്.നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി ചിത്രം പാൻ ഇന്ത്യൻ റിലീസായി പ്രേക്ഷകരിലേക്ക് എത്തും.
Tags
RELATED NEWS
View AllMOST POPULAR
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.