ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന്റെ പുതിയ ഭരണ സമിതി സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റെടുത്തു. കോണ്‍ഗ്രസ് അനുഭാവ പ്രവാസി സംഘടനയായ ഇന്‍കാസ് നയിച്ച മതേതര ജനാധിപത്യ മുന്നണിയാണ് ബഹുഭൂരിപക്ഷം സീറ്റുകളിലും വിജയിച്ച് ഭരണം തിരിച്ചു പിടിച്ചത്. അതേസമയം, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ പ്രസിഡണ്ടും കെഎംസിസി നേതാവുമായ നിസാര്‍ തളങ്കര ചടങ്ങില്‍ പങ്കെടുത്തില്ല.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഇത്തവണ മൂന്ന് മുന്നണികളായി മത്സരിച്ചിട്ടും, അധികാരം തിരിച്ചു പിടിച്ച ആവേശത്തിലായിരുന്നു മതേതര ജനാധിപത്യ മുന്നണി. കോണ്‍ഗ്രസ് അനുഭാവ പ്രവാസി കലാ സാംസ്‌കാരിക സംഘടനയായ, ഇന്‍കാസിന്റെ നേതാക്കളായ കെ. ബാലകൃഷ്ണന്‍, അഡ്വക്കേറ്റ് വൈ.എ. റഹീം എന്നിവര്‍, യഥാക്രമം പ്രസിഡണ്ട്, ജനറല്‍ സെക്രട്ടറി എന്നീ പദവികളില്‍ സത്യപ്രതിഞ്ജ ചൊല്ലി അധികാരമേറ്റു. അസോസിയേഷന്‍ മുന്‍ പ്രസിഡണ്ടും കെഎംസിസി യുഎഇ നാഷ്ണല്‍ കമ്മിറ്റി ട്രഷറുമായ നിസാര്‍ തളങ്കരയും, സിപിഎം അനുഭാവ പ്രവാസി സംഘടനാ നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പി. ശ്രീപ്രകാശിനെയും പരാജയപ്പെടുത്തിയാണ് ഇരുവരും വിജയിച്ചത്. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സല്‍ സുനില്‍ കുമാര്‍ എല്ലാവര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു. കെ ബാലകൃഷ്ണന്‍ നാലാം തവണയാണ് പ്രസിഡണ്ടാകുന്നത്.. എന്നാല്‍, ജനറല്‍ സെക്രട്ടറിയായി ഇത് മൂന്നാം തവണയാണ്, അഡ്വ വൈ എ റഹീം ചുമതലയേറ്റത്.
അഡ്വ. അന്‍സാര്‍ താജ് ജോയിന്റ് ജനറല്‍ സെക്രട്ടറിയായും, അനില്‍ ലാല്‍ പുരുഷോത്തമന്‍ ജോ. ട്രഷററായും ഓഡിറ്ററായി തങ്കച്ചന്‍ മണ്ഡപത്തിലും സത്യവാചകം ചൊല്ലി. കൂടാതെ, ഭരണ സമിതി അംഗങ്ങളായി വിജയിച്ച മതേതര ജനാധിപത്യ മുന്നണിയിലെ, അഭിലാഷ് രത്നാകരന്‍ , ജാഫര്‍ കണ്ണാട്ട് , റോയ് മാത്യു, അനില്‍ കുമാര്‍ കെജി പിള്ള എന്നിവരും, ജനാധിപത്യ മുണിയില്‍ നിന്നുള്ള പ്രദീഷ് ചിതറയും അബ്ദുള്‍ മനാഫും സത്യപ്രതിഞ്ജ ചൊല്ലി. അതേസമയം, വൈസ് പ്രസിഡണ്ട് പ്രദീപ് നെന്മാറ, ട്രഷറര്‍ ജിബി ബേബി, കെ കെ താലിബ് എന്നിവര്‍ക്ക് ചടങ്ങിന് പങ്കെടുക്കാനായില്ല. അതേസമയം, തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട മുന്‍ പ്രസിഡണ്ടും കെഎംസിസി നേതാവുമായ നിസാര്‍ തളങ്കരയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍, നിരവധി കെഎംസിസി പ്രവര്‍ത്തകരും, തോറ്റ മുന്‍ ജനറല്‍ സെക്രട്ടറി പി. ശ്രീപ്രകാശും സത്യപ്രതിഞ്ജാ ചടങ്ങില്‍ സംബന്ധിച്ചു. ഷാര്‍ജ എസ് എസ് ഡി എന്ന, സര്‍ക്കാര്‍ മന്ത്രാലയത്തിലെ അബ്ദുല്ല ബു അലി, തയ്യിബ് അബ്ദുല്‍ റഹ്‌മാന്‍, റിട്ടേണിങ് ഓഫീസര്‍ പോള്‍ ടി ജോസഫ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ 'ഇൻകാസ് ' നയിച്ച പുതിയ ഭരണസമിതി അധികാരമേറ്റു; വിട്ടുനിന്ന് മുൻ പ്രസിഡണ്ട്; പങ്കെടുത്ത് മുൻ ജനറൽ സെകട്ടറിയായ സി.പി.എം സംഘടനാ നേതാവ്