കണ്ണൂര്‍: പിലാത്തറയില്‍ മഹാരാഷ്ട്ര സ്വദേശിയായ സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാറും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്ത സംഭവത്തില്‍ പരിയാരം പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. രണ്ട് ഇന്നോവ കാറുകളിലായെത്തിയ ആറംഗ ഗുണ്ടാസംഘമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ പയ്യന്നൂര്‍ സര്‍വീസ് റോഡില്‍ വെച്ചായിരുന്നു സിനിമാ മോഡല്‍ കവര്‍ച്ച നടന്നത്. മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയും സ്വര്‍ണ്ണ വ്യാപാരിയുമായ കുമാര്‍ ജലന്ധര്‍ നിഗമും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനമാണ് അക്രമിസംഘം തടഞ്ഞുനിര്‍ത്തിയത്. തുടര്‍ന്ന് കാറിന്റെ ഡോര്‍ ഗ്ലാസ് തല്ലിത്തകര്‍ത്ത അക്രമികള്‍, കുമാറിന്റെ ഭാര്യയെയും മക്കളെയും കൂടെയുണ്ടായിരുന്നവരെയും ബലമായി വാഹനത്തില്‍ നിന്നും പുറത്തിറക്കി വിട്ടു. തുടര്‍ന്ന് ഭാര്യ ധരിച്ചിരുന്ന 25 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ മാലയും (നെക്ലേസ്) ഇവര്‍ സഞ്ചരിച്ചിരുന്ന കാറുമായി സംഘം കടന്നുകളയുകയായിരുന്നു.
കവര്‍ച്ചയ്ക്ക് ശേഷം പ്രതികള്‍ തട്ടിയെടുത്ത കാര്‍ പിലാത്തറ കോ-ഓപ്പറേറ്റീവ് കോളേജിന് സമീപമുള്ള വിജനമായ പ്രദേശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാറിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പുറത്തേക്ക് വലിചെറിഞ്ഞ ശേഷമാണ് അക്രമിസംഘം വാഹനം ഇവിടെ ഉപേക്ഷിച്ചു കടന്നത്. സ്വര്‍ണ്ണ വ്യാപാരിയെ ലക്ഷ്യം വെച്ച് നടന്ന ആസൂത്രിതമായ ക്വട്ടേഷന്‍ ആക്രമണമാണോ ഇതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതികളെ തിരിച്ചറിയുന്നതിനായി പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പരിയാരം പോലീസ് അന്വേഷണം ആരംഭിച്ചു.
കണ്ണൂരില്‍ സ്വര്‍ണ്ണ വ്യാപാരിയെയും കുടുംബത്തെയും ആക്രമിച്ച് കാറും സ്വര്‍ണ്ണവും തട്ടിയെടുത്ത സംഭവം; ആറുപേര്‍ക്കെതിരെ കേസ്