തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ പ്രത്യേക അന്വേഷണ സംഘം ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും ചോദ്യം ചെയ്തു. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ്, പോലീസ് ആസ്ഥാനത്ത് വെച്ച് എട്ട് മണിക്കൂറോളം നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യല്‍ നടന്നത്. എഡിജിപി എച്ച്. വെങ്കിടേഷിന്റെ നേരിട്ടുള്ള നേതൃത്വത്തിലായിരുന്നു ഈ നടപടി. നേരത്തെ കേസില്‍ ജാമ്യം ലഭിച്ചപ്പോഴും ജയിലില്‍ കഴിഞ്ഞിരുന്ന ഘട്ടത്തിലും എസ്ഐടി ഇദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു.
2019-ലെ സ്വര്‍ണ്ണക്കവര്‍ച്ചാ കേസുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ 2025-ലും സമാനമായ രീതിയില്‍ ശബരിമലയില്‍ നിന്ന് സ്വര്‍ണ്ണപ്പാളികള്‍ പുറത്തേക്ക് കടത്താന്‍ ശ്രമം നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ പുതിയ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലും, 'സ്മാര്‍ട്ട് ക്രിയേഷന്‍സ്' എന്ന സ്ഥാപനവുമായി ഉണ്ണികൃഷ്ണന്‍ പോറ്റി നടത്തിയ ഇടപാടുകളില്‍ കൂടുതല്‍ വ്യക്തത വരുത്തുന്നതിനുമാണ് ഇപ്പോള്‍ വീണ്ടും ചോദ്യം ചെയ്തത്. ഈ കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത് അടക്കമുള്ളവരെ എസ്ഐടി നേരത്തെ ചോദ്യം ചെയ്തിരുന്നു.
കേസില്‍ ഉള്‍പ്പെട്ട ഓരോരുത്തരുടെയും പങ്ക് കൃത്യമായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തൊട്ടുമുമ്പ് എസ്ഐടി സംഘം ശബരിമല സന്നിധാനത്ത് എത്തി വീണ്ടും പരിശോധന നടത്തിയിരുന്നു. മിഥുനമാസ പൂജകള്‍ക്കായി നട തുറന്നപ്പോഴായിരുന്നു തിരുവാഭരണ കമ്മീഷണറുടെ സാന്നിധ്യത്തില്‍ ശ്രീകോവിലിലെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കിയെടുത്ത് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ സഹായത്തോടെ തൂക്കം പരിശോധിച്ചത്. ഈ ശാസ്ത്രീയ പരിശോധനാ വിവരങ്ങളും തിങ്കളാഴ്ച സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമെന്നാണ് സൂചന.
ശബരിമല സ്വര്‍ണ്ണക്കൊള്ള: പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് തിങ്കളാഴ്ച കോടതിയിൽ